നിലമ്പൂർ: കീഴടങ്ങൽ സൂചന നൽകിയ മാവോവാദി നാടുകാണി ദളം കമാൻഡൻറ് സോമനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി സംസ്ഥാന രഹസ‍്യാന്വേഷണ വിഭാഗം പൊലീസ്. രണ്ടുവർഷമായി സോമനെക്കുറിച്ച് പൊലീസിന് ഒരുവിവരവുമില്ല. 2021ൽ കീഴടങ്ങിയ മാവോവാദി ടി.കെ. രാജീവനാണ് മലയാളിയായ സോമന്‍റെ കീഴടങ്ങൽ സൂചന പൊലീസിന് നൽകിയത്.
ബത്തേരി കൽപറ്റ സ്വദേശിയായ സോമൻ 2012ലാണ് മാവോവാദി സംഘടനയിൽ അണിചേരുന്നത്. പശ്ചിമഘട്ട സോണിന്‍റെ ഭാഗമായ നാടുകാണി ദളം രൂപവത്കരിച്ചപ്പോൾ ഇതിൽ കമ്മിറ്റി അംഗമാവുകയും പിന്നീട് നാടുകാണി ഏരിയയുടെ കമാൻഡൻറായി പ്രവർത്തിക്കുകയും ചെയ്തു. പരിശീലനം ലഭിച്ച സി.പി.ഐ മാവോയിസ്റ്റ് പീപ്ൾസ് ഗറില്ല ആർമിയിൽ അംഗമാണിയാളെന്ന് പൊലീസ് പറഞ്ഞു.
2016 നവംബർ 26ന് കരുളായി ഒണക്കപ്പാറയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടൽ സംഘത്തിൽ സോമന്‍റെ സാന്നിധ‍്യമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട വെടിവെപ്പിൽ സോമനും വെടിയേറ്റതായി അഭ‍്യൂഹം പരന്നിരുന്നു.
സോമനായിരുന്നു കത്തുകൾ മുഖേനെയും ഫോൺ വഴിയും മാധ‍്യമങ്ങളെ നിരന്തരം ബന്ധപ്പെട്ടിരുന്നത്. കരുളായി വനത്തിലെ മാവോവാദികളുടെ ക‍്യാമ്പ് ഷെഡ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് സോമന്‍റെ നിരന്തര ഫോൺ ഉപയോഗം കാരണമാണെന്ന് സംഘടന വിലയിരുത്തിയതായി കീഴടങ്ങിയ രാജീവ് പൊലീസിന് മൊഴി നൽകിയിരുന്നതായി പറയുന്നു. ഇതിന്‍റെ പേരിൽ സോമൻ പാർട്ടി നടപടി നേരിട്ടു. തുടർന്നാണ് പൊലീസിന് മുമ്പാകെ കീഴടങ്ങാൻ സോമൻ സന്നദ്ധത കാണിച്ചിരുന്നതായി പറയുന്നത്.
ഇയാൾ സംഘടന വിട്ട് ഒളിവിൽ കഴിയുകയാണോ അതോ എന്തെങ്കിലും അപകടം ഉണ്ടായോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വിവിധ ജില്ലകളിലെ പൊലീസ് സംയുക്തമായി അന്വേഷണം നടത്തിവരുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സോമനെത്തിരെ 21 കേസുകളുണ്ട്. സോമന്‍റെ കീഴടങ്ങലിന് അവസരം ഒരുക്കുകയാണ് അന്വേഷണം വ‍്യാപിപ്പിക്കുന്നതിന് പിന്നില്ലെന്ന് വിവിധ ജില്ലതല പൊലീസ് വൃത്തങ്ങൾ 'മാധ‍്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.