തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷന്‍ കീഴിലുള്ള പൊന്മുടിയിലെ വയർലെസ് സ്റ്റേഷനിൽ മദ്യപിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മദ്യവിരുന്ന് ഒരുക്കിയ കേരള പൊലീസ് ഓഫിസേഴ്സ് ജില്ല നേതാവടക്കം നാല് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. റൂറൽ എസ്.പി എച്ച്. മഞ്ജുനാഥ് വ്യാഴാഴ്ച നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വർക്കല ചെമ്മരുതി വില്ലേജ് ഓഫിസർ ജോജോ സത്യദാസ് (46), തിരുവല്ലം വില്ലേജ് ഓഫിസർ മനോജ് (42), പട്ടാമ്പി കൊപ്പം സഹകരണബാങ്ക് മാനേജർ ഉണ്ണികൃഷ്ണൻ (53), പാലക്കാട് സ്വദേശികളും ബിസിനസുകാരുമായ ഇസ്ബ ഷഹ്രത് (45), നാസർ (46) എന്നിവരെയാണ് പൊന്മുടി പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യസൽക്കാരത്തിന് നേതൃത്വം നൽകിയ േകരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ടെലികമ്യൂണിക്കേഷൻ വിഭാഗം ജില്ല ട്രഷററും സ്റ്റേഷൻ ചുമതലക്കാരനുമായ എസ്.ഐ റെജി, ടെലികമ്യൂണിക്കേഷൻ കൊച്ചി സിറ്റി എസ്.ഐ അനിൽകുമാർ, സ്റ്റേഷൻ ഓപറേറ്റർമാരായ സതീഷ് ശിവനാരായണൻ, സാം ജോർജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്തെ അഞ്ച് വയർലെസ് സ്റ്റേഷനുകളിൽ ഒന്നാണ് പൊന്മുടി ജാക്ക് വൺ റിപ്പീറ്റ് സ്റ്റേഷൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പൊലീസ് കമ്യൂണിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. മാവോവാദി ഭീഷണിയുള്ളതിനാൽ അതീവ സുരക്ഷയാണ് സ്റ്റേഷനുള്ളത്. ആയുധധാരികളായ പൊലീസുകാരാണ് ഇവിടെ സുരക്ഷക്കുള്ളത്. അങ്ങനെയുള്ളപ്പോഴാണ് പൊലീസ് നേതാവിെൻറ ഒത്താശയോടെ പുറത്തുനിന്നുള്ള അഞ്ചംഗസംഘം വ്യാഴാഴ്ച രാവിലെ വയർലെസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷെൻറ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരിൽ ചിലരോട് നേതാവിെൻറ സുഹൃത്തുകൾ അപമര്യാദയായി പെരുമാറിയതോടെയാണ് പ്രശ്നം എസ്.പിയുടെ ചെവിയിലെത്തിയത്. എസ്.പി എത്തുമ്പോൾ ചട്ടിയിൽ മീൻ വറുക്കുകയും മദ്യം കുടിച്ചുകൊണ്ടിരിക്കുകയുമായിരുന്നു അവർ. എസ്.ഐ അനിൽകുമാറും സ്റ്റേഷൻ ഓഫിസർ റജിയും ഓഫിസിെൻറ പിറകുവഴി ഒാടി രക്ഷപ്പെട്ടു. ഇവർ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ നാഗേന്ദ്രനെ എ.ഡി.ജി.പി കെ. പത്മകുമാർ ചുമതലപ്പെടുത്തി. അറസ്റ്റ് ചെയ്ത അഞ്ചുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പൊന്മുടി എസ്.ഐ അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.