ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ പ്രതിഷേധത്തിനിടയില്‍ അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുന്നത് കണ്ട് ഒന്നാം ക്ലാസുകാരിയുടെ നിലവിളി ഹൃദയഭേദകമായി.
തന്റെ രണ്ടു വീടുകളും നഷ്ടപ്പെടുമെന്നുവന്നതോടെയാണ് കൊരണ്ടിത്താനം ഇയ്യാലില്‍ ജിജി ഫിലിപ്പ് സമരരംഗത്തിറങ്ങിയത്. മകള്‍ സോമിയ മെറിന് ഫിലിപ്പും ഭര്‍ത്താവ് ഫിലിപ്പും ജിജിക്കൊപ്പമുണ്ടായിരുന്നു. സമരം ശക്തമായതോടെ പൊലീസ് ജിജിയെ കസ്റ്റഡിയിലെടുത്തു. ജിജി ബലം പ്രയോഗിച്ചതോടെ ഇവരെ റോഡിലൂടെ വലിച്ചിഴച്ചും തൂക്കിയെടുത്തുമാണ് വണ്ടിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ഇവരുടെ കാല്മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു.
ആകെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അമ്മയെ വലിച്ചിഴക്കുന്നതും രക്തം ഒഴുകുന്നതും കണ്ട് പൊലീസുകാര്‍ക്ക് പിന്നാലെ അമ്മയെ വിടണമെന്നാവശ്യപ്പെട്ട് സോമിയ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ഇതുകണ്ട് നാട്ടുകാരും ജിജിയെ വിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല. തുടര്‍ന്ന് റീത്തുപള്ളി കുരിശടിയില്‍ ഇരുന്ന് കുഞ്ഞുസോമിയ ഉറക്കെ നിലവിളിച്ചു. കുട്ടി നിര്‍ത്താതെ നിലവിളിച്ചതോടെ ഡിവൈ.എസ്.പിയെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. തയാറാവാതെ വന്നതോടെ പിതാവിനെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇതോടെയാണ് പിതാവ് കുട്ടിയുമായി ഇവിടെനിന്നും മാറിയത്. ബിലീവേഴ്സ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സോമിയ. സംഘര്‍ഷം നടക്കുന്നയിടത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി എത്തുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് പൊലീസ് മുഴുവന്‍ കുട്ടികളെയും ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു.
രാവിലെ മുതല്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കുപ്പിയില്‍ വെള്ളം നല്‍കിയും മറ്റും അമ്മക്കൊപ്പമുണ്ടായിരുന്ന സോമിയയുടെ നിലവിളി സമരരംഗത്ത് വേദനയായി.
കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ- റെയില്‍ കല്ലിടാനെത്തിയ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യഭീഷണി മുഴക്കി മണ്ണെണ്ണക്കുപ്പികള്‍ ഉയര്‍ത്തിയാണ് സ്ത്രീകള്‍ സമരരംഗത്തുവന്നത്. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരും പൊലീസിന് നേരെ തിരിഞ്ഞു. കോട്ടയം-പത്തനംതിട്ട അതിർത്തിയായ മാടപ്പള്ളി പഞ്ചായത്തിലെ റീത്തുപള്ളിപ്പടിക്കു മുന്നിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പതിനൊന്നരയോടെ സർവേക്കല്ലുകളുമായി വാഹനം എത്തിയതോടെ പ്രതിഷേധം കനത്തു.
തടച്ചുകൂടിയ വൻ ജനക്കൂട്ടം വാഹനം തടഞ്ഞു. വണ്ടിയുടെ ചില്ല് സമരക്കാർ അടിച്ചുതകർത്തു. പ്രതിഷേധം ശക്തമായതോടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. ഇതിനിടെ 12.15ഓടെ കെ-റെയിൽ ഉദ്യോഗസ്ഥര്‍ വീണ്ടും പള്ളിപ്പടിക്കു മുന്‍വശത്തുള്ള കൊരണ്ടിത്താനം വീടിന്റെ പറമ്പില്‍ കല്ലിടാനെത്തി. കനത്ത പൊലീസ് സന്നാഹവുമായാണ് ഇത്തവണ സംഘം എത്തിയത്.
പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ജനങ്ങൾ വകവെച്ചില്ല. തുടർന്ന് സമരക്കാരും പൊലീസും നേർക്കുനേർ സംഘർഷമായി. മണ്ണെണ്ണക്കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കി.
ഇതിനിടെ സമരക്കാർ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മണ്ണെണ്ണ തളിച്ചു. സമരം ചെയ്ത സ്ത്രീകളുടെയും ഡിവൈ.എസ്.പി അടക്കമുള്ളവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണ വീണതോടെ പൊലീസ് സമരക്കാർക്കു നേരെ ലാത്തി വീശി.
സമരനേതാക്കളെയും പ്രതിഷേധക്കാരെയും നിലത്ത് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി. കുട്ടികളടക്കം സമരത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ മുന്നില്‍വെച്ച് മാതാപിതാക്കളെ അടക്കം പൊലീസ് കൈയേറ്റം ചെയ്യുന്നതുകണ്ട കുട്ടികള്‍ ഭയന്നു നിലവിളിച്ചു. മര്‍ദനത്തില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലിക്ക് പരിക്കേറ്റു.
കുഴഞ്ഞുവീണ വി.ജെ. ലാലിയെ ആശുപത്രിയിലെത്തിക്കാന്‍ ഡിവൈ.എസ്.പി പൊലീസിനോട് നിർദേശിച്ചെങ്കിലും സമരക്കാര്‍ പൊലീസിനെ തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്തു മാറ്റിയതോടെ യു.ഡി.എഫ്, ബി.ജെ.പി, എസ്.യു.സി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സമരസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.