പൊലീസ്​ മർദനം: കെ.എസ്​.യു സെക്രട്ടേറിയറ്റ്​ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കേരള വർമ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാനും സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാനും പ്രവർത്തകരിൽ ചിലർ ശ്രമിച്ചത് തടഞ്ഞതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

ഉച്ചക്ക്​ രണ്ടോടെ പാളയത്തുനിന്ന്​ വിദ്യാർഥിനികളടക്കം പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റ് നടയിലെത്തി. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ പൊലീസിനു നേരെ ആക്രോശിച്ചു. ഇതിനിടെ, ഒരാൾ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇയാളെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു പ്രവർത്തകർ ഓടിയെത്തി പ്രതിരോധിച്ചു. ഇതോടെ, ഉന്തുംതള്ളുമായി. പിന്നാലെ, അഞ്ചു മിനിറ്റോളം പ്രവർത്തകർ എം.ജി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കൾ ഇടപെട്ടാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്, രാഹുൽ കൈതക്കൽ, സംസ്ഥാന ഭാരവാഹികളായ എം.എ. ആസിഫ്, അതുല്യ ജയാനന്ത്, കൃഷ്ണകാന്ത്, സുദേവ്, ബി.എസ്. അമൃതപ്രിയ എന്നിവർ നേതൃത്വം നൽകി.

തിങ്കളാഴ്ചത്തെ പൊലീസ്​ മർദനത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്ന നസിയയെ രമേശ് ചെന്നിത്തല സന്ദർശിച്ചു. കെ.എസ്​.യു ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിയിരുന്നു.

Tags:    
News Summary - Police brutality: Clashes in KSU Secretariat March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.