കൊച്ചി: കേരളത്തെ ഞെട്ടിച്ച വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വൈഗയുടെ പിതാവായ പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ കുറ്റങ്ങൾ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. മകൾ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മകൾ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനുമോഹന്റെ ശ്രമം. കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടിൽ മറ്റൊരാളായി ജീവിക്കാനായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരിൽ നിന്ന് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്തു. ഇതിൽ മയക്കുമരുന്ന് കലർത്തി ബോധം കെടുത്താൻ ശ്രമിച്ചു. ഫ്ലാറ്റിൽ എത്തിയതിനുശേഷം മൂക്കും വായും പൊത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചു എന്നുകരുതിയാണ് പുഴയിൽ എറിഞ്ഞത്. എന്നാൽ കുട്ടി അപ്പോൾ മരിച്ചിരുന്നില്ല, വെള്ളം കുടിച്ചുമരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 97 സാക്ഷികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.