തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്കാരത്തിനും സാന്മാർഗിക മൂല്യങ്ങൾക്കും നിരക്കാത്ത, ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഇത്തരത്തിൽ നേടുന്ന തുക നിയമവിരുദ്ധ മാർഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന്റെ അറസ്റ്റിന് പിന്നാലെയാണ് വിഡിയോ സഹിതമുള്ള മുന്നറിയിപ്പ്. വളാഞ്ചേരി പൊലീസിന് പിന്നാലെ കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. വളാഞ്ചേരി സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിച്ച് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും.
കല്യാശ്ശേരി: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പി.പി. അരുൺ, ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് പരാതി.
തിരൂർ: ‘തൊപ്പി’ എന്ന നിഹാദിനെതിരെ തിരൂർ പൊലീസിലും പരാതി. യൂട്യൂബ് ചാനലിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നതായി കാണിച്ചാണ് ഇയാൾക്കെതിരെ തൃപ്രങ്ങോട് സ്വദേശി കെ.പി. നസറുദ്ദീൻ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.