പത്തനംതിട്ട/കൊച്ചി: കേരളത്തെ നടുക്കി നരബലി. കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി മന്ത്രവാദത്തിന്റെ പേരിൽ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുവന്ന് കൊന്നു കഷണങ്ങളാക്കി കുഴിച്ചിട്ടു. പത്തനംതിട്ട ഇലന്തൂരിന് സമീപം കാരംവേലി-പുന്നക്കാട് റോഡിൽ പുളിന്തിട്ട മാർത്തോമ പള്ളിക്ക് സമീപം പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഭഗവൽ സിങ്ങിന്റെ വീട്ടിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി.
ലോട്ടറി വിൽപനക്കാരായ എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് ധർമപുരി സ്വദേശി പത്മ (56), കാലടി മറ്റൂരിൽ താമസിച്ചിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് മന്ത്രവാദത്തിന്റെ ഭാഗമായി പീഡിപ്പിച്ചും തലയറുത്തും കൊലപ്പെടുത്തിയത്. എറണാകുളം ജില്ലയിൽനിന്ന് കാണാതായ സ്ത്രീകളാണിവർ. കേസിൽ മന്ത്രവാദിയായ ഏജന്റ് പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ്, പാരമ്പര്യ തിരുമ്മുചികിത്സ കേന്ദ്രം നടത്തുന്ന ഇലന്തൂർ കടകമ്പള്ളിൽ ഭഗവൽ സിങ് വൈദ്യർ (67), രണ്ടാംഭാര്യ ലൈല (60) എന്നിവരാണ് അറസ്റ്റിലായത്.
ഭഗവൽ സിങ്ങിന്റെ കുടുംബത്തിന്റെ സമ്പദ്സമൃദ്ധിക്കായി ഇയാളുടെ വീടിന് സമീപത്തെ തിരുമ്മുചികിത്സ കേന്ദ്രത്തിലാണ് ജൂൺ, സെപ്റ്റംബർ മാസങ്ങളിലായി കൊലപാതകങ്ങൾ നടന്നത്. കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്തശേഷം ജനനേന്ദ്രിയത്തിൽ കത്തി കുത്തിയിറക്കി ശേഖരിച്ച രക്തം വീടിന് ചുറ്റും തളിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന് സമീപത്ത് രണ്ടിടങ്ങളിലായി ആഴത്തിൽ കുഴിയെടുത്ത് മണ്ണിട്ടുവെന്ന് പൊലീസ് പറഞ്ഞു.
കടവന്ത്ര ഫാത്തിമ ചർച്ച് റോഡിൽ സെന്റ് ഗ്രിഗോറിയോസ് പള്ളിക്ക് എതിർവശം വാടകക്കെട്ടിടത്തിൽ താമസിക്കുന്ന പത്മയെ സെപ്റ്റംബർ 26 മുതലാണ് കാണാതായത്. തുടർന്ന് സഹോദരി കടവന്ത്ര പൊലീസിൽ പരാതിനൽകി. കേസെടുത്ത് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുൾപ്പെടെ പൊലീസ് നടത്തിയ വിശദ അന്വേഷണമാണ് നരബലി സംഭവത്തിലേക്ക് വഴിതെളിച്ചത്. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഷാഫിക്കൊപ്പം പത്മ തിരുവല്ലയിലേക്ക് കാറിൽ യാത്രചെയ്തതായി കണ്ടെത്തി. തുടർന്ന് പെരുമ്പാവൂർ സ്വദേശിയും ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുകയും ചെയ്യുന്ന ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പത്മയെ ഭഗവൽ-ലൈല ദമ്പതികളുടെ അടുത്തെത്തിച്ചത് താനാണെന്നും നരബലി അർപ്പിച്ചതായും ഷാഫി വെളിപ്പെടുത്തി. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ജൂണിൽ റോസ്ലിനെയും ഇതേ ദമ്പതികൾക്കുവേണ്ടി കടത്തിയതായും വെളിപ്പെട്ടത്. ജൂൺ മുതൽ റോസ്ലിനെ കാണാനില്ലെന്ന് കാണിച്ചു ആഗസ്റ്റ് 17ന് മകൾ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു.
മന്ത്രവാദി വന്നത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലുടെ
പത്തനംതിട്ട: ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മന്ത്രവാദിയായ ഷാഫി വൈദ്യനായ ഭഗവല്‍ സിങ്ങുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയാണെന്ന വ്യാജേന അയാളുമായി ചാറ്റ് ചെയ്തിരുന്ന ഷിഹാബ്, തന്റെ അറിവില്‍ റഷീദ് എന്ന പേരുള്ള ഒരു സിദ്ധനുണ്ടെന്നും ഇയാളെ കണ്ടാല്‍ കുടുംബത്തിന് ഐശ്വര്യം കൈവരുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷിഹാബ് തന്നെ ഭഗവല്‍ സിങ്ങിന് മുന്നിലെത്തി. വീട്ടിലെത്തി ദമ്പതിമാരെ കണ്ട ഇയാൾ ആഭിചാരക്രിയക്ക് ആവശ്യമായ സ്ത്രീകളെ എത്തിക്കാമെന്ന് അറിയിച്ചു. ഇരകളെ വിവസ്ത്രയാക്കി കട്ടിലിൽ കെട്ടിയിട്ട് ശരീരമാസകലം മുറിപ്പെടുത്തി ചോരവാർത്തിയും വീടിനുചുറ്റും തളിച്ചുമായിരുന്നു കർമങ്ങൾ നടത്തിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടു. ജൂണിൽ റോസ്ലിനെ ബലിനൽകിയശേഷം കുടുംബത്തിന് ഇയാൾ വാഗ്ദാനം ചെയ്ത ഫലമുണ്ടാകാതിരുന്നതിനെ തുടർന്നാണ് പത്മയെയും ഇരയാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇരകളെ വലയിലാക്കിയത് സിനിമയിൽ അവസരം വാഗ്ദാനം നൽകി
പത്തനംതിട്ട: സിനിമയിൽ അഭിനയ വാഗ്ദാനം നൽകിയാണ് രണ്ടുസ്ത്രീകളെയും തിരുവല്ലയിൽ എത്തിച്ചത്. ഇവരുമായി ഷാഫിക്കുണ്ടായ പരിചയം മുതലെടുക്കുകയായിരുന്നു. ഉച്ചക്ക് ഷാഫിയുമായി ഇലന്തൂരിലെത്തിയ പൊലീസ് ആദ്യ മൃതദേഹം കണ്ടെത്തി. ഇത് പത്മയുടേതാണെന്ന് പൊലീസ് അനൗദ്യോഗികമായി പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. അമ്മയുടെ മൃതദേഹമാണെന്ന് വ്യക്തമല്ലെന്ന് പത്മയുടെ മകൻ ശെൽവരാജ് പറഞ്ഞു. വൻ താഴ്ചയുള്ള കുഴിയിൽ ഉപ്പ് വിതറിയശേഷം 22 കഷണങ്ങളാക്കി കുഴിച്ചിട്ട റോസ്ലിന്റെ ശരീരഅവശിഷ്ടങ്ങൾ രാത്രിയിൽ കണ്ടെത്തി. കുഴിയിൽ ബാഗും ചെരിപ്പും മൺകുടവും ഉണ്ടായിരുന്നു. കുഴി മൂടിയശേഷം മഞ്ഞളും നട്ടു. ഒരു കൈ കണ്ടെത്താൻ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. വിവിധ ആയുധങ്ങൾ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ശരീര അവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടത്തി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭഗവൽ സിങ്ങിനെയും ലൈലയെയും പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.