വേങ്ങര (മലപ്പുറം): ആളുകൾ കൂട്ടം കൂടുന്നു എന്നാരോപിച്ച് സ്കൂളിൽ പുസ്തകവും ഭക്ഷ്യകിറ്റും വിതരണം ചെയ്യുന്നത് പൊലീസ് നിർത്തിവെപ്പിച്ചു. എന്നാൽ, ഇതേ പൊലീസ് തന്നെ ബീവറേജ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ നൂറു കണക്കിന് പേരുടെ തിരക്ക് കണ്ടില്ലെന്നു നടിച്ചു സംരക്ഷണം നൽകുകയും ചെയ്തു. പുസ്തക വിതരണം നിർത്തിച്ച് മദ്യവിതരണത്തിന് കാവൽ നിന്ന തിരൂരങ്ങാടി പൊലീസിന്‍റെ നടപടിയാണ് വിവാദമാവുന്നത്.
അബ്ദുറഹ്മാൻ നഗർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പൊലീസ് ഇടപെട്ട് വിതരണം തടഞ്ഞത്. പൊലീസ് അനുമതിയോടെ ഏതാനും രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തിയായിരുന്നു പുസ്തകവും ഭക്ഷ്യകിറ്റും വിതരണം ചെയ്തത്. വിതരണം നടക്കുന്നതിനിടെ തിരൂരങ്ങാടി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ആളുകൾ കൂട്ടം കൂടുന്നുവെന്നാരോപിച്ചു വിതരണം നിർത്തി വെപ്പിക്കുകയായിരുന്നു.
ആയിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ സ്കൂളിൽ ഏതാനും രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് ഭക്ഷ്യകിറ്റും പുസ്തകങ്ങളും വിതരണം ചെയ്തിരുന്നത്. അതിനിടെയാണ് പൊലീസെത്തി വിതരണം അലങ്കോലമാക്കിയതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അതേസമയം നൂറുകണക്കിനാളുകൾ ഒരേസമയം തിക്കിത്തിരക്കിയ ബീവറേജ് ഷോപ്പിലെ മദ്യകച്ചവടത്തിനു ഇതേ തിരൂരങ്ങാടി പൊലീസ് തന്നെ കാവൽ നിന്നത് വിരോധാഭാസമായെന്നു നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.