തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറെന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടാൻ ഉത്തരവ്. തിരുവനന്തപുരം ഡി.സി.ആർ.ബിയിൽ എ.എസ്.െഎയായിരുന്ന ജിതകുമാർ, നാർകോട്ടിക് സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഒാഫിസറായിരുന്ന ശ്രീകുമാർ എന്നിവരെയാണ് സർവിസിൽനിന്ന് പിരിച്ചുവിട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, മൂന്നു വർഷം തടവിനും പിഴക്കും ശിക്ഷിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അജിത്കുമാറിനെ സസ്പെൻഡ്ചെയ്യാനുള്ള നടപടി പോലും കൈക്കൊണ്ടിട്ടില്ല. എസ്.െഎ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളാനുള്ള കമീഷണറുടെ അധികാരം ഉപയോഗിച്ചാണ് രണ്ട് ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടത്. ഡിവൈ.എസ്.പിയുടെ കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
2005 സെപ്റ്റംബർ 27നാണ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയത്. അന്ന് ജിതകുമാർ ഫോർട്ട് സ്റ്റേഷനിലെ കോൺസ്റ്റബിളും ശ്രീകുമാർ എ.ആർ ക്യാമ്പിലെ പൊലീസുകാരനുമായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഉരുട്ടിക്കൊല കേസിൽ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവരെ വധശിക്ഷക്കും മറ്റു പ്രതികളായ ഡിവൈ.എസ്.പി ടി. അജിത്കുമാർ, മുൻ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ മൂന്നു വർഷം വീതം കഠിനതടവിനുമാണ് തിരുവനന്തപുരം സി.ബി.െഎ കോടതി ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.