പൊലീസുകാരന്‍റെ മാങ്ങ മോഷണം ഒത്തുതീർപ്പായി

കോട്ടയം: ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസർ പി.വി. ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കണമെന്ന കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ്‌ ഒത്തുതീര്‍പ്പായത്. കേസില്‍ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

സെപ്റ്റംബര്‍ 28ന് പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നില്‍വെച്ചിരുന്ന പെട്ടിയില്‍നിന്ന് ഇയാള്‍ മാങ്ങകള്‍ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു.

മാങ്ങ മോഷണം വിവാദമായതോടെ ഷിഹാബിനെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ്, കേസ് ഒത്തുതീര്‍പ്പാക്കാനായി കടയുടമ കോടതിയെ സമീപിച്ചത്. പരാതി പിന്‍വലിക്കാന്‍ കടയുടമ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പൊലീസ് ഇതിനെ എതിര്‍ത്തിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - policeman's mango theft was settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.