വൈത്തിരി: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ക്ലാസ് ഫോർ ജീവനക്കാരുടെ ഒഴിവുകളിൽ ഇപ്പോഴും തുടരുന്നത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനം മാത്രം. വർഷങ്ങളായി ഫാം തൊഴിലാളികളായി ജോലിചെയ്യുന്നവരെ സ്ഥാനക്കയറ്റം നൽകി സ്ഥിരപ്പെടുത്താതെയാണ് വീണ്ടും താൽക്കാലികക്കാരെ നിയമിക്കുന്നത്. നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണെങ്കിലും ജോലി ലഭിക്കുന്നത് രാഷ്ട്രീയ അനുഭാവികൾക്കും ബന്ധുക്കൾക്കുമാണെന്ന പരാതിയും ഉയരുന്നുണ്ട്. മുൻ കൗൺസിലറുടെ ഭാര്യ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ എന്നിവർക്ക് ഇവിടെ ജോലി ലഭിച്ചിട്ടുണ്ട്. ക്ലാസ് ഫോർ ജീവനക്കാരുടെ ഒഴിവിൽ ഫാമിലെ ലേബർ കാറ്റഗറിയിൽ ജോലി ചെയ്യുന്നവരിൽനിന്ന് 50 ശതമാനം പേരെ പി.എസ്.സി വഴി നിയമിക്കാമെന്ന് സർവകലാശാല ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ഇതിന് വിരുദ്ധമായി 12 ക്ലാസ് ഫോർ ജീവനക്കാരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി കഴിഞ്ഞ ദിവസം നിയമിച്ചു. ആറു വർഷത്തോളമായി ഫാം തൊഴിലാളികളായി മുപ്പതിലധികം പേർ ജോലിചെയ്തുവരുന്നു. ക്ലാസ് ഫോർ തസ്തികയിൽ പി.എസ്.സി ഉദ്യോഗാർഥികളുടെയും നിലവിലെ ഫാം തൊഴിലാളികളുടെയും അവകാശങ്ങൾ ഹനിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നിയമനം. 2014നുശേഷം ഇതുവരെ സ്ഥിരം നിയമനം നടന്നിട്ടില്ല. സർക്കാറിൽ റിപ്പോർട്ട് ചെയ്യാതെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി പുതിയവരെ നിയമിക്കുകയാണ് അധികൃതർ.
പൂക്കോട് വെറ്ററിനറി ഫാമിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും മുമ്പത്തെ െഡയറി ഫാമിൽനിന്ന് ജോലി വാഗ്ദാനം ലഭിച്ച് എത്തിയ ആദിവാസികളാണ്. സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ഈ ആദിവാസികൾക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. അനധികൃത നിയമനങ്ങൾ നടക്കുേമ്പാൾ ഇവരുടെ അവകാശങ്ങളും സ്ഥാനക്കയറ്റങ്ങളും ഇല്ലാതാവുന്നു. 1998ലെ സർക്കാർ ഉത്തരവനുസരിച്ച് ആദിവാസി തൊഴിലാളികൾക്ക് യോഗ്യതക്കനുസരിച്ച് തൊഴിൽ നൽകണം. നാളിതുവരെ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. യോഗ്യതയുള്ളവരും വർഷങ്ങളായി ലേബർ തസ്തികകളിലാണ് ജോലിചെയ്യുന്നത്.
ഡ്രൈവർമാരിൽ ഭൂരിഭാഗവും മൂന്നുമാസത്തേക്കു ജോലിക്കു കയറിയവരാണ്. ഡ്രൈവർമാരുടെ ഒഴിവുകൾ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.