കോട്ടയം: മാലിന്യം നിറഞ്ഞ മറിയപ്പള്ളി മുട്ടം പാറക്കുളത്തിൽ പതിച്ച ലോറി കണ്ടെത്താനും ഉയർത്താനും സാധിച്ചത് അഗ്നിരക്ഷാസേനയുടെ 18 മണിക്കൂർ നീണ്ട പരിശ്രമത്തിൽ. അഗ്നിരക്ഷാസേന സ്കൂബ ടീം അംഗം കെ.എൻ. സുരേഷിന്റെ മിടുക്കാണ് ശനിയാഴ്ച വൈകീട്ടോടെ ലോറി ഉയർത്തി മൃതദേഹം കണ്ടെത്താൻ സഹായകമായത്. വെള്ളിയാഴ്ച രാത്രി 9.45 ഓടെ ആരംഭിച്ച രക്ഷാദൗത്യം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് പൂർത്തിയായത്. ആദ്യ തിരച്ചിൽ ശനിയാഴ്ച പുലർച്ച 3.30 വരെ തുടർന്നു. ഇതിനിടെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും എക്സ്കവേറ്റർ മറിഞ്ഞതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തി.
ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് വൈകീട്ടോടെ പൂർത്തിയായത്. ഓക്സിജൻ സഹായത്തോടെ സ്കൂബ ടീം അംഗങ്ങൾ പലതവണ മുങ്ങിത്താഴ്ന്നെങ്കിലും മാലിന്യം തടഞ്ഞ് പലപ്പോഴും മുടങ്ങി. പിന്നീട് സ്കൂബ ടീം അംഗം കെ.എൻ. സുരേഷ് അതിദുഷ്കര ദൗത്യം വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ച രാവിലെ മുങ്ങിയ ലോറി കണ്ടെത്തിയ സുരേഷ്, പിന്നീട് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ റോപ് ലോറിയിൽ ഘടിപ്പിച്ചു. ഇതിനുശേഷമാണ് ലോറി ഉയർത്തി കരയിലെത്തിച്ചത്. രണ്ടുതവണ പരാജയപ്പെട്ടതിനൊടുവിലാണ് മൂന്നാം ശ്രമത്തിൽ വിജയകരമായി ലോറി ഉയർത്തിയത്. ചെരിപ്പുകളടക്കം വൻമാലിന്യശേഖരമായിരുന്നു കുളത്തിൽ. ചതുപ്പും പോളകളും നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
കോട്ടയം ജില്ലയിലെ വിവിധ അഗ്നിരക്ഷാ യൂനിറ്റുകളിൽനിന്നുള്ള 40 അംഗ ടീമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ളവരായിരുന്നു സംഘത്തിൽ. ചിങ്ങവനം പൊലീസും സ്ഥലത്തുണ്ടായിരുന്നു. മന്ത്രി വി.എൻ. വാസവൻ, കലക്ടർ ഡോ.പി.കെ. ജയശ്രീ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തഹസിൽദാർ ദീപമോൾ, ഡി.എം.ഒ ജിനു പുന്നൂസ്, കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ദീപ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു. കോട്ടയം ജില്ല അഗ്നിരക്ഷാസേന ഓഫിസർ രാം കുമാർ, സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.