കൊച്ചി: പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെ തുടർന്നുള്ള നാശനഷ്‌ടങ്ങൾക്ക് നഷ്‌ടപരിഹാരം ഈടാക്കാൻ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ ജപ്തി നടപടികളാകാമെന്ന് ഹൈകോടതി. നഷ്ടപരിഹാരമായി 5.20 കോടി കെട്ടിവെക്കാനുള്ള കോടതി നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് ജപ്തി. അതിനാൽ, മുൻകൂർ നോട്ടീസ് നൽകാതെ തന്നെ തുക ഈടാക്കാൻ റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാം.
പോപുലർ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്‌തിചെയ്യുന്ന നടപടി എത്രയും വേഗം പൂർത്തിയാക്കി ജനുവരി 23ന് സർക്കാർ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റിപ്പോർട്ടിൽ സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ വീണ്ടും ജനുവരി 24ന് പരിഗണിക്കാനായി മാറ്റി.
2022 സെപ്റ്റംബർ 23ന് പോപുലർ ഫ്രണ്ടിന്റെ ആഹ്വാനപ്രകാരം നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് സ്വമേധയാ സ്വീകരിച്ചതടക്കം കേസുകളാണ് ഡിവിഷൻ ബെഞ്ച് മുമ്പാകെയുള്ളത്. ബുധനാഴ്ച ഹരജി പരിഗണിക്കവെ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി സംഘടന നേതാവായിരുന്ന അബ്ദുൽ സത്താറിന് ഡിസംബർ 31ന് നോട്ടീസ് നൽകിയെന്നും റവന്യൂ റിക്കവറി പൂർത്തിയാക്കാനുള്ള ആത്മാർഥ ശ്രമമുണ്ടെന്നും സർക്കാർ അറിയിച്ചു.
14 ജില്ലകളിലെയും പോപുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവിവരങ്ങൾ രജിസ്ട്രേഷൻ ഐ.ജി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ജപ്തിക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടെന്ന് കോടതി വ്യക്തത വരുത്തിയത്. ഡിസംബറിൽ ഈ ഹരജികൾ പരിഗണിക്കവെ ജപ്തി നടപടി വൈകുന്നതിൽ കോടതി കടുത്ത അതൃപ്തി അറിയിക്കുകയും നേരിട്ട് ഹാജരായിരുന്ന ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഇക്കാര്യത്തിൽ നിരുപാധികം മാപ്പുപറയുകയും ചെയ്തിരുന്നു.
ജനുവരി 15നകം ജപ്‌തി പൂർത്തിയാക്കുമെന്നും തുടർന്നുള്ള ഒരുമാസത്തിനകം റവന്യൂ റിക്കവറി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, നടപടിക്ക് നിയോഗിച്ചിരുന്ന ഡോ. വി. വേണു ജനുവരി എട്ടിനുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലാണെന്നും ജപ്‌തി നടപടികളിൽ മനഃപൂർവം വീഴ്‌ച വരുത്തിയിട്ടില്ലെന്നും സർക്കാർ ബുധനാഴ്ച കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.