ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈകോടതി
കൊച്ചി: പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളെടുക്കാത്ത സർക്കാർ നിലപാടിൽ ഹൈകോടതിക്ക് അതൃപ്തി. ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനെ വിമർശിച്ചത്. റവന്യൂ റിക്കവറി നടപടികൾ എന്ന് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലവുമായി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡിസംബർ 23ന് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. റവന്യൂ റിക്കവറി നടപടികൾ പൂർത്തിയാക്കാൻ ജനുവരി 31നുശേഷം സമയം നീട്ടി നൽകില്ലെന്നും വ്യക്തമാക്കി.
മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്യരുതെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന കോടതിയലക്ഷ്യമടക്കം ഹരജികളാണ് പരിഗണനയിലുള്ളത്.
പോപുലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ കണ്ടെത്തി റവന്യൂ റിക്കവറി നടപടിയെടുക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നും ഒരു മാസത്തിനകം നടപ്പാക്കുമെന്നും നവംബർ എട്ടിന് സർക്കാർ ഉറപ്പുനൽകിയിരുന്നു.
നഷ്ടപരിഹാരം ഉറപ്പാക്കാൻ ക്ലെയിം കമീഷണറെ നിയോഗിക്കുകയും പോപുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടെത്താൻ കലക്ടർമാർ സഹായിക്കണമെന്ന നിർദേശവും നൽകിയിരുന്നു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കാനാവില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചതായി തിങ്കളാഴ്ച അഡീ. ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ക്ലെയിം കമീഷണറുടെ ഓഫിസിനുള്ള സ്ഥലവും ഓഫിസ് ജീവനക്കാരെയും അനുവദിക്കാൻ എറണാകുളം ജില്ല കലക്ടറോട് നിർദേശിച്ചെങ്കിലും സ്ഥലപരിമിതിയുള്ളതിനാൽ സാധ്യമാകില്ലെന്ന് കലക്ടർ വ്യക്തമാക്കിയതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുന്നത് സർക്കാറിന്റെ നിലപാടാണെന്നും കോടതി നിർദേശങ്ങൾ അനുസരിക്കാത്ത ഇത്തരം നിലപാടുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.