മാനന്തവാടിയിൽ പി.എഫ്.ഐ മുൻ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്നതിന് മുന്നോടിയായി സ്ഥലം അളക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; സ്വത്ത് കണ്ടുകെട്ടൽ തുടങ്ങി

തിരുവനന്തപുരം: നിരോധിത സംഘടന പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെയും പ്രധാനഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.

ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും നല്‍കാതെ ജപ്തിയുമായി മുന്നോട്ടുപോകാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ആ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണര്‍ ജപ്തി ഉത്തരവിറക്കിയത്.

ജപ്തി ചെയ്യുന്ന വീടുകളും മറ്റ് സ്വത്തുക്കളും ലേലംചെയ്യും. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ല അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലുൾപ്പെട്ട പ്രധാന നേതാക്കളുടേതടക്കം പട്ടിക ആഭ്യന്തരവകുപ്പ് കൈമാറിയതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തിലാണ് ജപ്തി ആരംഭിച്ചത്. പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 22ന് ഉണ്ടായ നടപടിക്കെതിെര 23നാണ് കേരളത്തിൽ ഹർത്താൽ നടത്തിയത്.

കാസർകോട് നായന്മാർമൂലയിലെ അബ്ദുൽ സലാം (ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ്), ഉമ്മർ ഫാറൂഖ് ആലമ്പാടി, കാഞ്ഞങ്ങാട്ട് നങ്ങാറത്ത് സിറാജുദ്ദീൻ, ജില്ല പ്രസിഡന്‍റായിരുന്ന തെക്കേ തൃക്കരിപ്പൂർ വില്ലേജിലെ സി.ടി. സുലൈമാൻ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്.

കണ്ണൂരിൽ എട്ടുപേരുടെ സ്വത്ത് കണ്ടുകെട്ടി. മലപ്പുറം ജില്ലയിൽ 125 ആധാരമടക്കം സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്ന നടപടി തുടങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടുകെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. വയനാട്ടിൽ മാനന്തവാടി, വൈത്തിരി,ബത്തേരി താലൂക്കുകളിലായി 14 ഇടങ്ങളിലാണ് കണ്ടുകെട്ടൽ. കോഴിക്കോട് വടകരയിൽ പോപുലര്‍ ഫ്രണ്ട് മുൻ ഡിവിഷനൽ പ്രസിഡന്റ് കുനിയിൽ സമീറിന്റെ ഉടമസ്ഥതയിൽ അഴിയൂരിലുള്ള 6.67 സെന്റ് ഭൂമി കണ്ടുകെട്ടി. കോട്ടയം ഈരാറ്റുപേട്ടയിൽ പോപുലർ ഫ്രണ്ട് മുൻ ജില്ല പ്രസിഡന്‍റ് ഷെഫീഖ് പുതുപ്പറമ്പിൽ, മുജീബ് മാങ്കുഴയ്ക്കൽ, റെഷീദ് എന്നിവരുടെ ഭൂമി കണ്ടുകെട്ടൽ നടപടി തുടങ്ങി. ഇടുക്കിയിൽ ആറ് പ്രവർത്തകരുടെ സ്വത്തുവകകൾ കണ്ടുകെട്ടി. കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിന്‍റെ വീട് ജപ്തി ചെയ്തു. തിരുവനന്തപുരത്ത് പോപുലർ ഫ്രണ്ട് ജില്ലകമ്മിറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടമുൾപ്പെടെ ജപ്തി ചെയ്തു. തൃശൂർ ജില്ലയിൽ ചാവക്കാട്, കുന്നംകുളം താലൂക്കുകളിലായുള്ള 18 സ്ഥലങ്ങൾ കണ്ടുകെട്ടൽ നടപടി തുടങ്ങി. 

Tags:    
News Summary - Popular Front Hartal; Property confiscation started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.