ദരിദ്രരില്ലാത്ത കേരളം: മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്​, നേട്ടം കൈവരിച്ചത്​ 2015 -16 കാലയളവിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും കുറവ്​ ദരിദ്രരുള്ള സംസ്​ഥാനമെന്ന ബഹുമതി കേരളം സ്വന്തമാക്കിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ അവകാശവാദം തെ​​റ്റ്​. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നേട്ടത്തിന് അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ അവകാശപ്പെട്ടത്.

എന്നാൽ,​ മഹാമാരിക്കും പ്രകൃതി ദുരന്തത്തിനും മു​േമ്പ ഉമ്മൻചാണ്ടി സർക്കാറിന്‍റെ അവസാന വർഷവും പിണറായി സർക്കാറിന്‍റെ ആദ്യ ആറുമാസവുമാണ്​ പട്ടിക തയാറാക്കാൻ പരിഗണിച്ചതെന്നാണ്​ നിതി ആയോഗ്​ വ്യക്​തമാക്കുന്നത്​. 2015 -16 കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സർവെ (എൻ.എഫ്​.എച്ച്​.എസ്​ -04) അടിസ്​ഥാനമാക്കിയാണ്​ നിതി ആയോഗ് ദരിദ്രരുടെ പട്ടിക തയാറാക്കിയത്​. 


2015 ജനുവരി 20ന്​ തുടങ്ങിയ സർവേ 2016 ഡിസംബർ നാലിനാണ്​ സമാപിച്ചത്​. അതായത്​, 22 മാസവും 14 ദിവസവുമെടുത്ത്​ നടത്തിയ സർവെ കാലയളവിൽ 16 മാസവും ഉമ്മൻചാണ്ടിയാണ്​ കേരളം ഭരിച്ചത്​. ബാക്കി 6 മാസവും 10 ദിവസവുമാണ്​ ഒന്നാം പിണറായി സർക്കാർ ഭരിച്ചത്​.

2019-20 ലെ കുടുംബാരോഗ്യ സര്‍വേയുടെ (എൻ.എഫ്​.എച്ച്​.എസ്​ -05) ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2016 മേയിലാണ്​. അതിന് ഒന്നര വർഷം മു​േമ്പ തുടങ്ങിയ സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടമാണ്​ പിണറായി സർക്കാറിന്‍റെ നേട്ടമായി കൊണ്ടാടിയത്​. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന് അടിത്തറ പാകി എന്നത്​ തെറ്റായ അവകാശവാദമാണെന്നാണ്​ വ്യക്​തമാകുന്നത്​.

പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്.

രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമാണ്​ കേരളം. കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്. അതായത്​ 1000ത്തില്‍ 7.1 പേര്‍. അതേസമയം, ബിഹാർ ജനസംഖ്യയുടെ പകുതിയിലധികവും (51.91 ശതമാനം) ദരിദ്രരാണ്. തൊട്ടുപിന്നിലായി ജാർഖണ്ഡും (42.16 ശതമാനം), ഉത്തർപ്രദേശുമാണ് (37.79 ശതമാനം).

പട്ടികയിൽ മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും മേഘാലയ (32.67) അഞ്ചാം സ്ഥാനത്തുമാണ്. കേരളത്തിനുതൊട്ടുമുകളിലുള്ളത്​ ഗോവയാണ്​ (3.76). സിക്കിം (3.82), തമിഴ്നാട് (4.89) പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളിലും ദരിദ്രരുടെ എണ്ണം കുറവാണ്​.

പോഷകാഹാരകുറവുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലും ബിഹാർ തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളാണ്.

ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻറ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമും (യു.എൻ.ഡി.പി) വികസിപ്പിച്ച, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് പ്രഥമ സർവേക്കായി ഉപയോഗപ്പെടുത്തിയത്.  ( നിതി ആയോഗ്​ റിപ്പോർട്ട്​ വായിക്കാൻ ഇവിടെ ക്ലിക്ക്​ ചെയ്യുക)

മുഖ്യമന്ത്രിയുടെ ഫേസ്​ബുക്​ കുറിപ്പ്​

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.

അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണം. അഭിമാനപൂർവം ആത്‌മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.

Tags:    
News Summary - Poverty-free Kerala: Pinarayi Vijayan's argument was wrong and gained during 2015-16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.