തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. വ്യാഴാഴ്ച മാത്രം 87.58 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടായത്. ഈ വർഷത്തെ ഉയർന്ന ഉപയോഗമാണിത്. മാർച്ചിൽ മൂന്ന് ദിവസം ഉപയോഗം 85 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗം 2022 ഏപ്രിൽ 28നാണ്. അന്ന് 92.88 ദശലക്ഷം യൂനിറ്റാണ് ഉപയോഗിച്ചത്. വേനൽ കടുത്തയോടെ ഇക്കുറിയും വൈദ്യുതി ആവശ്യകത കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭരണികളിൽ ഇനി 2135.18 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ശേഷിക്കുന്നത്. ഇത് ആകെ സംഭരണശേഷിയുടെ 52 ശതമാനമാണ്. എന്നാൽ സംഭരണികളുടെ അടിഭാഗത്തുള്ള വെള്ളം പൂർണമായി ഉപയോഗിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 453.65 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്. സംഭരണിയിലേക്കുള്ള നീരൊഴുക്ക് തീരെ കുറഞ്ഞു. വ്യാഴാഴ്ച വെറും 2.49 ദശലക്ഷത്തിനുള്ള വെള്ളമേ എത്തിയുള്ളൂ. അതേസമയം 16.012 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. പ്രധാന സംഭരണികളായ ഇടുക്കിയിൽ 47 ശതമാനവും പമ്പ-കക്കിയിൽ 53 ശതമാനമാവുമാണ് ശേഷിക്കുന്ന വെള്ളം.
പുറത്തുനിന്ന് വൈദ്യുതി ലഭ്യതയാണ് സംസ്ഥാനത്തിന് അനുഗ്രഹമായത്. 87.58 ദശലക്ഷം യൂനിറ്റ് ഉപയോഗത്തിൽ 69.39 ദശലക്ഷം യൂനിറ്റും പുറത്ത് നിന്ന് കൊണ്ടുവന്നതാണ്. സംസ്ഥാനത്തെ ഉൽപാദനം 16 ദശലക്ഷം യൂനിറ്റും. ഇടുക്കിയിൽ 6.78 ദശലക്ഷമായും ശബരിഗിരിയിൽ 3.86 ദശലക്ഷം യൂനിറ്റായും ഉൽപാദനം വർധിപ്പിച്ചാണ് പിടിച്ചുനിൽക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി കൂടുതൽ വാങ്ങുമ്പോൾ വിലയും ഉയരും. ഇത് പിന്നീട് ഇന്ധന സർച്ചാർജിന് വഴിവെക്കും. വൈകീട്ട് ആറ് മുതൽ രാത്രി പത്ത് വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ ബോർഡ് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.