മൂലമറ്റം: മൂലമറ്റം നിലയത്തിലെ അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഉൽപാദനം എട്ട് മണിക്കൂർ നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെയാണ് ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവെച്ചത്.
ജനറേറ്ററുകളുടെ സുരക്ഷക്കായി ഉപയോഗപ്പെടുത്തുന്ന പ്രൊട്ടക്ഷൻ ഡി.സി (ഡയറക്ട് കറന്‍റ്) സ്ഥാപിക്കാനാണ് ഉൽപാദനം നിർത്തിയത്. ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിയാൽ മാത്രമേ പ്രൊട്ടക്ഷൻ ഡി.സി സ്ഥാപിക്കാനാകൂ. നിലവിലെ ഒരു പ്രൊട്ടക്ഷൻ ഡി.സിക്ക് പുറമെ മറ്റൊന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒന്നിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഉപയോഗിക്കാനാണ് രണ്ടാമത് ഒന്നുകൂടി സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രൊട്ടക്ഷൻ ഡി.സിക്ക് തകരാർ സംഭവിക്കുകയും ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
അറ്റകുറ്റപ്പണി അവസാനിച്ചതിനാൽ ഞായറാഴ്ച വൈകീട്ട് നാലോടെ അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു. ആറാം നമ്പർ ജനറേറ്ററിന്‍റെ വാർഷിക അറ്റകുറ്റപ്പണി നടന്നുവരുകയാണ്. ഞായറാഴ്ച വൈദ്യുതി ഉപഭോഗം കുറവായതിനാലും പുറംവൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിനാലും അറ്റകുറ്റപ്പണി വൈദ്യുതി വിതരണത്തിന് തടസ്സമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.