കോഴിക്കോട്: സംസ്ഥാനത്തെ ഒട്ടുമിക്ക ബി.ജെ.പി നേതാക്കളുടെയും വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ച തലമുതിർന്ന സംഘ്പരിവാർ ആചാര്യനാണ് ഇന്ന് വിടവാങ്ങിയ പി.പി. മുകുന്ദൻ. 10 വർഷത്തോളം പാർട്ടിയിൽനിന്ന് വിട്ടുനിന്നപ്പോഴും പിന്നീട് തിരിച്ചുവന്നപ്പോഴും ഈ വിമർശനം തുടർന്നു.
ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കേരളത്തിലെ ബി.ജെ.പി പ്രഭാരിമാർ തുടങ്ങി പ്രമുഖനേതാക്കൾക്കെതിരെ അതിശക്തമായ ഭാഷയിലാണ് മുകുന്ദൻ തുറന്നടിച്ചത്. കൊടകര കുഴൽപ്പണ സംഭവത്തിൽ കെ. സുരേന്ദ്രനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ കെ. സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നുവെന്നും സുരേന്ദ്രന് ഗുരുത്വമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്റെ പ്രശ്നം. തന്നെ കുമ്മനം ഓഫിസിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു, ബി.ജെ.പിയിലേക്കുള്ള തന്റെ തിരിച്ചു വരവ് തടയാൻ വി. മുരളീധരൻ ശ്രമിക്കുന്നു’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
കേരളത്തിലെ നേതാക്കൾക്കെതിരെ ബി.ജെ.പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന് മുകുന്ദൻ കത്തയക്കുകയും ഇക്കാര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.
‘കേരളത്തിൽ ബി.ജെ.പി 15 വർഷം പിറകോട്ട് പോയിട്ടുണ്ട്. അച്ചടക്കമുള്ള ധാരാളം അണികളുണ്ടായിട്ടും പാർട്ടിക്ക് അത് വോട്ടാക്കി മാറ്റാനാകുന്നില്ല. ഇത് ഗൗരവമായി ചർച്ച ചെയ്യണം. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട്കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ഇടപെടൽ എത്ര വൈകുന്നുവോ അത്രയും ആഘാതം വർധിക്കും. യാഥാർഥ്യങ്ങളോട് കണ്ണടച്ചിട്ട് കാര്യമില്ല.’
‘എല്ലാ അർഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട് ബലിദാനികൾ ഒരിക്കലും പൊറുക്കില്ല. പാർട്ടിയുടെ ഉന്നമനത്തിന് ആരോഗ്യകരമായ ചർച്ചകൾക്ക് ഒരുക്കമാണ്.’
‘നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറി. സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. പാർട്ടിയിൽ വിഭാഗീയതയെക്കാൾ കൂടുതൽ മാനപ്പൊരുത്തം ഇല്ലായ്മയാണ് ഉള്ളത്. ഐക്യത്തിന്റെ കുറവുണ്ട്. അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് എല്ലാ പ്രവർത്തകർക്കും അറിയാം. ബി.ജെ.പിയിലേക്കുള്ള തിരിച്ചു വരവ് തടയാൻ വി മുരളീധരൻ ശ്രമിക്കുന്നതിന്റെ കാരണം അറിയില്ല. ഓഫിസിൽ വിളിച്ചുവരുത്തി കുമ്മനം രാജശേഖരന്‍ അപമാനിച്ചിട്ടുണ്ട്.’
‘രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ പ്രതിച്ഛായ പൂർണമായും നഷ്ടപ്പെട്ടു. കൊടകര കുഴൽപ്പണ സംഭവം പാർട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. കുഴൽപ്പണ ഇടപാടിൽ ബി.ജെ.പി നേതൃത്വം പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ട്.’
‘സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റം അനിവാര്യമാണ്. ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന പലരും ഇപ്പോൾ മാറിനിൽക്കുകയാണ്. കെ. സുരേന്ദ്രൻ പ്രസിഡന്‍റായ ശേഷം കണ്ണൂരിൽ വന്നപ്പോൾ തന്നെ വിളിച്ചിരുന്നു. പിന്നെ വിളിച്ചിട്ടില്ല.’
‘ആർ.എസ്.എസില്‍ നിന്നും പാര്‍ട്ടിയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങള്‍ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു.’
‘നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം -ബി.ജെ.പി ഡീലിന് സാധ്യത തള്ളിക്കളയാനാവില്ല. സി.പി.എം -ബി.ജെ.പി ഡീൽ ഉണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ പറഞ്ഞത് വെറുതെയാവില്ല. അയാൾ (ബാലശങ്കർ) അങ്ങനെ വെറുതെ പറയും എന്ന് തോന്നുന്നില്ല. ഒരുമാസമായി ചെങ്ങന്നൂരിൽ പ്രവൃത്തിക്കുന്ന അദ്ദേഹത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടാകും. എന്തായാലും അതേക്കുറിച്ച് അന്വേഷിക്കണം''
''ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കിൽ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത് കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇതിപ്പോൾ ആവശ്യമില്ലാത്ത ഒരു ചർച്ചക്ക് ഇടവരുത്തുന്നു എന്ന് മാത്രമാണ് തോന്നുന്നത്. ഉത്തരേന്ത്യൻ സ്റ്റൈലിൽ കേരളത്തിൽ ഭരണം പിടിച്ചെടുക്കാൻ ഉന്നത ചിന്ത വേണം എന്ന തോന്നലിൽ ഉന്നതത്തിൽ പോകാനായിരിക്കും കെ. സുരേന്ദ്രൻ ഹെലികോപ്ടറിൽ പോകുന്നത്. സൗകര്യങ്ങൾ കൂടുേമ്പാൾ വന്ന വഴി മറക്കാൻ പാടില്ല''
‘കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയത ചികിത്സിക്കണം. നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത് സമയത്താണോ അസുഖം വരുന്നത് അത് കണ്ട് ചികിത്സിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ നിർബന്ധ പൂർവം ഉടൻ നിർത്തിയില്ലെങ്കിൽ കഷ്ടപ്പെട്ട് പ്രവൃത്തിക്കുന്ന പ്രവർത്തകരുടെ ശാപം ഏൽക്കുന്ന പ്രസ്ഥാനമായി പാർട്ടി മാറും.’
നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയരുത്. ലീഗിനെ ചേർക്കാം എന്ന് ഒരുേസ്റ്റജിൽ ഒരാൾ പറയുന്നു, ചേർക്കാൻ പാടില്ലെന്ന് അതേ സ്റ്റേജിൽ മറ്റൊരാൾ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന് ഒരിക്കൽ പറയുന്നു. പറ്റില്ലെന്ന് മറ്റൊരിക്കൽ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്ത അഭിപ്രായം പറയാൻ പാടില്ല. സ്ഥാനമല്ല, പ്രസ്ഥാനമാണ് വലുത്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടൂ നടക്കുന്നൂ ചിലർ എന്ന ചൊല്ലു കേട്ടിട്ടില്ലേ?’’
‘‘പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്‍റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കി. പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം. അല്ലെങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു. സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണ്. ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാൻ നേതൃത്വം തയാറാകണം. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാൽ അവർ തിരിച്ചു വിളിക്കട്ടെ.
മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്റെ പ്രശ്നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാൻ താൻ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണം. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.