അന്തരിച്ച ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‌ കണ്ണൂർ മാരാർജി ഭവനിൽ ഒ. രാജഗോപാലിന്‍റെ നേതൃത്വത്തിൽ വിട നൽകുന്ന പ്രവർത്തകരും നേതാക്കളും

പി.പി. മുകുന്ദന് ജന്മനാടിന്‍റെ യാത്രാമൊഴി

കേളകം: മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന് ജന്മനാട്ടിൽ ആയിരങ്ങളുടെ യാത്രാമൊഴി. പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി ബസിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ മണത്തണയിലെത്തിച്ച മൃതദേഹത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയ നേതാക്കൾ അനുഗമിച്ചു. അവസാനമായി ഒരു നോക്കുകാണാൻ ചപ്പാരം ക്ഷേത്രത്തിന് സമീപത്തെ കുളങ്ങരയത്ത് തറവാട് വീട്ടിൽ വൻ ജനാവലിയെത്തി.

ഉച്ചക്ക് പന്ത്രണ്ടരയോടെ മണത്തണയിലെത്തിച്ച മൃതദേഹത്തിൽ ഗവർണർമാർ, കേന്ദ്രമന്ത്രി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, ബന്ധുജനങ്ങൾ, നാട്ടുകാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകീട്ട് അഞ്ചരയോടെ മണത്തണയിലെ കുളങ്ങരേയത്ത് തറവാട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഉച്ചക്കുശേഷം കടകളടച്ച് ഹർത്താലാചരിച്ചു.

ഝാര്‍ഖണ്ഡ് ഗവർണര്‍ സി.പി. രാധാകൃഷ്ണന്‍, പശ്ചിമ ബംഗാള്‍ ഗവർണര്‍ സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.പിമാരായ പി. സന്തോഷ്, വി. ശിവദാസന്‍, ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, പി.എന്‍. ഹരികൃഷ്ണന്‍, എസ്. സുദര്‍ശനന്‍, വിനോദ്, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണന്‍, കെ. രഞ്ജിത്ത് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരത്തിനുശേഷം സര്‍വകക്ഷി അനുശോചന യോഗവും ചേര്‍ന്നു.

Tags:    
News Summary - P.P. Mukundan's Funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.