കൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിലെ അഴിമതി സംബന്ധിച്ച പരാതിയിൽ ലോകായുക്തക്ക് അന്വേഷണം തുടരാമെന്ന് ഹൈകോടതി. പരാതിയിൽ ലോകായുക്ത നോട്ടീസ് അയച്ചതിനെതിരെ ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. പരാതിയിൽ ലോകായുക്ത നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഹരജിക്കാർക്ക് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകയായ വീണ എസ്.നായർ നൽകിയ പരാതിയിലാണ് ലോകായുക്ത ഹരജിക്കാരോട് വിശദീകരണം തേടിയത്. കോവിഡ് കാലത്ത് മാർക്കറ്റ് വിലയെക്കാൾ ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റടക്കമുള്ളവ വാങ്ങിയെന്നായിരുന്നു ആരോപണം.
മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, രാജൻ കോബ്രഗഡെ, മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡിയായിരുന്ന ബാലമുരളി, എസ്.ആർ. ദിലീപ്കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവർക്കെതിരെയാണ് പരാതി. ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു ലോകായുക്തയുടെ നിർദേശം. ദുരന്തനിവാരണ നിയമപ്രകാരം കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ചിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്കെതിരായ പരാതി ലോകായുക്ത അനുവദിക്കരുതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
പൊതുമുതൽ ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പരാതി ഉയർന്നാൽ ഏതു സാഹചര്യത്തിലും അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിച്ച നടപടികളെയല്ല പരാതിയിൽ ചോദ്യംചെയ്യുന്നതെന്നും ഇതിന്റെ മറവിൽ അഴിമതി നടന്നുവെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണ നിയമം ലോകായുക്തയുടെ അന്വേഷണത്തെ വിലക്കുന്നില്ല. ഉയർന്ന വിലയ്ക്കാണ് പി.പി.ഇ കിറ്റടക്കമുള്ളവ വാങ്ങിയതെന്ന പരാതിയിലെ സത്യം കണ്ടെത്താൻ ലോകായുക്ത അന്വേഷണം ആവശ്യമാണ്. പരാതി തെറ്റാണെങ്കിൽ അക്കാര്യം കണ്ടെത്താനും ലോകായുക്തക്കാകുമെന്നും വിലയിരുത്തിയാണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.