തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപ്പൺ തന്നെയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. പ്രഫുൽ പട്ടേൽ ജൈവായുധമാണെന്ന് വിശേഷിപ്പിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ സംവിധായിക ഐഷ സുൽത്താനക്ക് സുധാകരൻ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
'അങ്ങേയറ്റം സമാധാനപൂർണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ നടപടികൾക്കെതിരായ പോരാട്ടം ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുന്നിൽനിന്ന് നയിക്കും.
സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിൻെറ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാഷിസ്റ്റ് നയത്തിൻെറ ഭാഗമാണ്.
ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും യു.എ.പി.എ ചുമത്തുന്ന ഇടതുപക്ഷം, ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘ്പരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പാക്കുകയാണ് ഇടതുപക്ഷം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിഷ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം' -കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.