അഗളി: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വിളിച്ച ആംബുലൻസ് എത്തിയത് മണിക്കൂറുകൾക്ക് ശേഷം. ആദിവാസി യുവതിയെ മഞ്ചലിൽ ചുമന്ന് വനമേഖലയിലൂടെ ഊരുവാസികൾ നടന്നത് നാല് കിലോമീറ്റർ. ഇടവാണി ഊരിലെ പണലിയുടെ ഭാര്യ മണിയെയാണ് ആശുപത്രിയിൽ എത്തിക്കാൻ ചൊവ്വാഴ്ച പുലർച്ചയോടെ ഊരുവാസികൾ നാല് കിലോമീറ്റർ ദൂരം മുളയിൽ കെട്ടിച്ചുമന്നത്.
ബുധനാഴ്ചയാണ് ഇവരോട് ആശുപത്രിയിൽ എത്താൻ ഡോക്ടർമാർ നിർദേശിച്ചത്. ചൊവ്വാഴ്ച പുലർച്ച 12ഒാടെ തന്നെ പ്രസവവേദന തുടങ്ങി. തുടർന്ന് ഊരിലെ അംഗൻവാടി ടീച്ചർ പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് അടിയന്തരമായി ആംബുലൻസ് എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയത് രാവിലെ ഒമ്പതരയോടെ. അപ്പോഴേക്കും ഗർഭിണിയെ മഞ്ചലിലേറ്റി ഊരുവാസികൾ നാല് കിലോമീറ്റർ പിന്നിട്ടിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റാൻ ഒരുങ്ങവെയാണ് ആംബുലൻസ് എത്തിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തി നിമിഷങ്ങൾക്കകം മണി പെൺകുഞ്ഞിന് ജന്മം നൽകി.
പ്രസവവേദന കൊണ്ട് പുളയുന്ന സ്ത്രീയെ മഞ്ചലിൽ ചുമന്ന് യഥാസമയം ഇവർ വാഹനത്തിൽ എത്തിച്ചില്ലായിരുന്നെങ്കിൽ വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലക്ക് നടുവിൽ പ്രസവിക്കുമായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ആക്ഷേപമുണ്ട്. ഇടവാണി ആദിവാസി കോളനിയുടെ നാല് കിലോമീറ്റർ അകലെ താഴെ ഭൂതയാർ വരെയാണ് മഴക്കാലത്ത് വാഹനങ്ങൾ എത്തുക. ഈ സാഹചര്യത്തിൽ പൂർണ ഗർഭിണിയെ നേരത്തേ ആശുപത്രിയിൽ എത്തിക്കുന്നതിൽ ആരോഗ്യവകുപ്പ്, ഐ.ടി.ഡി.പി തുടങ്ങിയവരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം. എസ്.ടി പ്രമോട്ടർ, ആശ വർക്കർ എന്നിവരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി.
പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പർ അധിവസിക്കുന്ന ഇടവാണി ഊരിലേക്ക് റോഡ് നിർമിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം ഫണ്ട് വകയിരുത്തിയിട്ട് ഏറെ നാളുകളായി. എന്നാൽ, അധികൃതർ തുടരുന്ന അനാസ്ഥയാണ് നിർമാണം പൂർത്തീകരിക്കുന്നതിന് തടസ്സമായതെന്ന് ആദിവാസി സംഘടനകൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.