മുക്കം: അടുത്തിടെ സർവിസിൽനിന്ന് വിരമിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ എൻ. വിജയന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത് പ്രവർത്തനമികവിനുള്ള അംഗീകാരമായി. മുക്കം അഗസ്ത്യൻമുഴി സ്വദേശിയായ വിജയൻ ഡ്രൈവർ കം പമ്പ് ഓപറേറ്ററായി 1995ലാണ് സേനയിൽ പ്രവേശിച്ചത്. 97ൽ എരഞ്ഞിപ്പാലത്തുണ്ടായ അമോണിയ ചോർച്ച, മിഠായിതെരുവിൽ പടക്കക്കടക്ക് തീപിടിച്ചുണ്ടായ അപകടം, കോഴിക്കോട് മാൻഹോൾ ദുരന്തം, കണ്ണപ്പൻകുണ്ടിൽ ഉൾപ്പെടെ മലയോരത്തുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടങ്ങൾ തുടങ്ങി ഒട്ടേറെ ദുരന്തമുഖങ്ങളിൽ ജീവൻ പണയപ്പെടുത്തി നടത്തിയ സ്തുത്യർഹ സേവനങ്ങളാണ് വിജയനെ അവാർഡിന് അർഹനാക്കിയത്.പയ്യന്നൂർ, വടകര, വെള്ളിമാട്കുന്ന്, മീഞ്ചന്ത, കുന്ദംകുളം, തൃശൂർ തുടങ്ങിയ സ്റ്റേഷനുകളിലായി 28 വർഷത്തെ സേവനത്തിനുശേഷം മുക്കം അഗ്നിരക്ഷാനിലയത്തിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസറായി കഴിഞ്ഞ മേയ് 31നാണ് വിജയൻ വിരമിച്ചത്. ഇത്തവണ രാഷ്ട്രപതിയുടെ അവാർഡിന് ജില്ലയിൽനിന്ന് വിജയൻ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നടുത്തൊടി അപ്പുണ്ണി-അമ്മാളു ദമ്പതികളുടെ മകനാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സീനിയർ നഴ്സിങ് ഓഫിസറായ ഷെഹലയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥിയായ അഭിഷേകും ബിരുദവിദ്യാർഥിയായ അശ്വന്തുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.