കൊച്ചി: ചരക്കു വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതും അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതും കർശനമായി തടയണമെന്ന് ഹൈകോടതി. വാഹനം സർക്കാർ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരിശോധനയിൽനിന്ന് രക്ഷപ്പെടാനും ടോൾ നൽകാതെ കടന്നു പോകാനുമാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. അമിത ഭാരവും അനധികൃത ബോർഡുകളും കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉത്തരവിട്ടു.
സുപ്രീംകോടതിയുടെ റോഡ് സുരക്ഷ കമ്മിറ്റി 2015ൽ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന ഹൈകോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഓൾ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമായ കെ.എ. അനൂപ്, സുബിൻപോൾ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ട്രാൻസ്പോർട്ട് കമീഷണറുടെ സത്യവാങ്മൂലത്തിന് ഹരജിക്കാർക്ക് മറുപടി നൽകാൻ സമയം അനുവദിച്ച് ഹരജി വീണ്ടും ഫെബ്രുവരി 25ന് പരിഗണിക്കാൻ മാറ്റി.
അമിതവേഗം, അമിതഭാരം, മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചശേഷമുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതിയുടെ നിർദേശമെങ്കിലും കേരളത്തിൽ ഇതു പാലിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. എന്നാൽ, ഹരജിക്കാരനായ അനൂപ് വാഹന നികുതിയിനത്തിൽ കുടിശ്ശികയായി 3.70 ലക്ഷം അടക്കാനുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ടോറസുകളിലും ടിപ്പറുകളിലും അമിതഭാരം കയറ്റാൻ ഇവയിൽ ലോഡ് കയറ്റുന്ന ഭാഗത്ത് അനധികൃതമായി ഉയരം കൂട്ടുന്ന രീതി നിലവിലുണ്ട്. കോവിഡ് വ്യാപനവും ലോക്ഡൗണും കണക്കിലെടുത്ത് ഗുരുതര കേസുകളിൽ മാത്രമാണ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരുന്നതെന്നും നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പല ഭാഗത്തുനിന്നും ഭീഷണി ഉണ്ടാകാറുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.