വിഷു, ഈസ്​റ്റർ വിപണിയിൽ കൈപൊള്ളി ജനം

കൊച്ചി: വിഷു, ഈസ്റ്റർ വിപണിയിൽ പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് തീവില. പല ഇനങ്ങളുടെയും വില ഒറ്റ ദിവസം കൊണ്ട് ഇരട്ടിയിലേറെയാണ് വർധിച്ചത്. ബീൻസ്, പയർ, കാരറ്റ് തുടങ്ങിയവയുടെ വിലയാണ് ഭീമമായി വർധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കിലോക്ക് 70 രൂപയായിരുന്ന ബീൻസ് എറണാകുളം മാർക്കറ്റിൽ 100 രൂപക്കാണ് വ്യാഴാഴ്ച വിൽപന നടത്തിയത്. പയർ വില കിലോ 80 രൂപയിലെത്തി. 

കഴിഞ്ഞ ആഴ്ച 50-60 രൂപ വിലയുണ്ടായിരുന്ന പയറിന് ഒറ്റ ദിവസം കൊണ്ടാണ് 20-30 രൂപ വർധിച്ചത്. കഴിഞ്ഞ ആഴ്ച ശരാശരി 40 രൂപയുണ്ടായിരുന്ന കാരറ്റിന് വ്യാഴാഴ്ച 65 രൂപയായി. വിഷുവിന് ഏറ്റവും ആവശ്യമുള്ള കണിവെള്ളരിയുടെ വിലയും വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് കിലോഗ്രാമിന് 10 രൂപ വർധിച്ചു. പാവക്കക്ക് 60 രൂപയാണ് വില. വെണ്ട, ചേന, ചേമ്പ്, ചെറിയ ചേമ്പ്, മത്തൻ, ചെറിയ ഉള്ളി, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പടവലം തുടങ്ങിയവയുടെ വിലയിലും വർധനവുണ്ടായി. എന്നാൽ, തക്കാളി, ഉരുളക്കിഴങ്ങ്, സവാള വിലയിൽ വർധനയുണ്ടായില്ല.കോഴിയിറച്ചിയുടെ വിലയും മൂന്നക്കം കടക്കുകയാണ്. വ്യാഴാഴ്ച ചില്ലറ വിൽപന കിലോക്ക് 96-98 രൂപക്കാണ് നടന്നത്. ഈസ്റ്റർ ദിവസമടുക്കുന്നതോടെ വില ഇനിയും വർധിക്കും. മത്സ്യവിലയും കൂടുന്നുണ്ട്. പഴവർഗങ്ങളുടെ വിലയിൽ വർധനവില്ല. തമിഴ്നാട്ടിൽനിന്ന് ലോറിസമരം കാരണം ചരക്കുലോറികൾ എത്തുന്നതിൽ കുറവുണ്ടായതും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറഞ്ഞു. 

ചെറിയ വാഹനങ്ങളിലാണ് പച്ചക്കറി എറണാകുളം മാർക്കറ്റിലെത്തുന്നത്. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന സംസ്ഥാനങ്ങളിൽ വരൾച്ച രൂക്ഷമായതും വിലവർധനവിന് കാരണമായിട്ടുണ്ട്. വിശേഷ ദിവസങ്ങൾ കഴിഞ്ഞാലും വിലയിൽ വലിയ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. വിലക്കയറ്റവും നോട്ടുക്ഷാമവും കാരണം വിപണിയിൽ മാന്ദ്യം പ്രകടമാണെന്നും എറണാകുളം മാർക്കറ്റ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് അഷ്റഫ് പറഞ്ഞു.

Tags:    
News Summary - Pricey Veggies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.