കോട്ടയം: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അനുവദിക്കുന്ന ബസ് പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചാൽ പെർമിറ്റ് പിടിച്ചെടുക്കാൻ അധികാരമുണ്ടെങ്കിലും സ്വകാര്യ ബസ് സമരത്തിനെതിരെ ഇത്പ്രയോഗിക്കാതെ സർക്കാർ. കൊറോണ കാലത്തെ ഉയർന്ന ബസ് നിരക്കും പിൻവലിക്കാനും സർക്കാർ തയാറായിട്ടില്ല. ബസ് നിരക്കിന്‍റെ പേരിൽ അവകാശവാദമുന്നയിക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി കെ.എ. അബ്ദുൽ ഗഫൂർ 1997 സെപ്റ്റംബർ 30 ന് വിധിച്ചിരുന്നു. നഷ്ടമാണെന്ന് തോന്നുന്ന ഉടമകൾ പെർമിറ്റ് സർക്കാരിന് മടക്കി നൽകണമെന്നും സർവീസ് നടത്താൻ മറ്റാരെങ്കിലും മുന്നോട്ടുവന്നാൽ അവർക്ക് സർക്കാർ അവർക്ക് പെർമിറ്റ് നൽകണമെന്നും വിധിയിലുണ്ട്.
നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ ഓർഡിസൻസ് അടക്കം ഇറക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. നായനാർ സർക്കാരിന്‍റെ കാലത്ത് സ്വകാര്യ ബസ് സമരം നേരിടാൻ പെർമിറ്റ് പിടിച്ചെടുക്കൽ അടക്കമുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു. കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം ആയിരം കോടിയിലേറെ സഹായം നൽകുന്ന സർക്കാറിന് സ്വകാര്യ ബസ് സർവീസുകളെ ഡീസൽ സബ്സിഡിയും നികുതിയിളവും നൽകി താങ്ങി നിർത്താനാവുമെന്ന് ബസുടമകളും ഗതാഗത രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആ വഴിക്കും നടപടികൾ ഉണ്ടായിട്ടില്ല.
കൊറോണ കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച സർക്കാർ അതിന്‍റെ പേരിൽ ഉയർത്തിയ ബസ് നിരക്കുകൾ പിൻവലിക്കാൻ തയാറായിട്ടുമില്ല. നിന്നും ഇരുന്നുമായി 60 പേർക്ക് സഞ്ചരിക്കാൻ അനുവാദമുള്ള ബസിൽ 30 പേർ മാത്രമെ കയറാവൂ എന്നായിരുന്നു കൊവിഡ് കാലത്ത് കൊണ്ടുവന്ന നിർദേശം. ഇതിലൂടെയുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എട്ട് രൂപ നൽകിയാൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചു നൽകുകയായിരുന്നു. സ്വകാര്യ ബസ് സർവീസുകൾക്ക് സഹായകരമായ രീതിയിൽ ആയിരക്കണക്കിന് ഓർഡിനറി ബസുകൾ സർവീസിൽ നിന്ന് പിൻവലിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സമരത്തിന്‍റെ പശ്ചാത്തലത്തിൽ പോലും കൂടുതൽ ബസുകൾ നിരത്തിലിറക്കിയിട്ടില്ല.
ലഭ്യമായ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്.ആർ.ടി.സിക്ക് 3724 ഓർഡിനറി ബസുകളുണ്ട്. 1926 സൂപ്പർക്ലാസ് ബസുകൾ, 39 വോൾവോ, സ്കാനിയ ബസുകൾ, 719 കെ.യു.ആർ.ടി.സി ബസുകൾ 10 ഇലക്ട്രിക് വാടക വണ്ടികൾ എന്നിവയടക്കം ആകെ ബസുകളുടെ എണ്ണം 6418 ആണ്. മാർച്ച് 23 ന് കെ.എസ്.ആർ.ടി.സി സർവീസിനിറക്കിയത് 3626 ബസുകൾ മാത്രമാണ്. ഓടിയത് 12.03 ലക്ഷം കിലോമീറ്ററും. 177 ബസുകൾ അനക്കാതെ ഇട്ടിട്ടുണ്ടെന്നും 631 എണ്ണം വർക്ഷോപ്പിലാണെന്നും കണക്കുകൾ പറയുന്നു. ഇവ കൂട്ടിയാൽ കിട്ടുന്നത് 4434 ബസുകൾ മാത്രമാണ്.
1984 ബസുകൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയിൽ കിടക്കുകയാണ്. ടയർ അടക്കമുള്ള ഭാഗങ്ങൾ അഴിച്ചുമാറ്റിയ ഇവ ഡിസ്ട്രിക്ട് കോമൺ പൂൾ എന്ന പേരിൽ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ 1000 ബസുകൾ ഓർഡിനറിയായി സർവീസ് നടത്തിയിരുന്നവയാണ്.
സ്വകാര്യ ബസ് സമരത്തിൽ ജനം നട്ടം തിരിയുമ്പോഴും ഇതിൽ നിന്ന് ഒരു ബസ് പോലും ഇറക്കാൻ ഗതാഗത സെക്രട്ടറി കൂടിയായ കെ.എസ്.ആർ.ടി.സി സി.എം.ഡി. ബിജുപ്രഭാകറിന് കഴിഞ്ഞിട്ടില്ല.
മാർച്ച് 17 മുതൽ ഒരാഴ്ച കെ.എസ്.ആർ.ടിസിയുടെ നില ( തീയതി, ഓടിയ ബസുകൾ, സർവീസ് നടത്തിയ കിലോമീറ്റർ (ലക്ഷത്തിൽ), വെറുതെയിട്ടവ, വർക്ഷോപ്പിലുള്ളവ എന്ന ക്രമത്തിൽ)
മാർച്ച് 17 - 3614-11.96-79-692
18 - 3591-11.95-78-710
19 - 3582-11.96-93-724
20 - 2691-9.73-970-734
21 - 3691-12.18-154-619
22 - 3632-12.07-166-653
23 - 3626-12.03-177-631
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.