തിരുവനന്തപുരം: അഖിലേന്ത്യ പെർമിറ്റിന്റെ മറവിൽ കോൺട്രാക്ട് കാര്യേജുകൾ ടിക്കറ്റും സ്ഥലസൂചന ബോർഡുമായി സ്റ്റേജ് കാര്യേജായി സർവിസ് നടത്തുന്നത് കർശനമായി തടയാൻ മോട്ടോർ വാഹനവകുപ്പ്. കരാർ പ്രകാരം ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെയെടുത്ത് മറ്റൊരു സ്ഥലത്ത് എത്തിക്കാൻ മാത്രമാണ് കോൺട്രാക്ട് കാര്യേജുകൾക്ക് അനുമതി. വിവാഹാവശ്യങ്ങൾക്കും വിനോദയാത്രക്കും മറ്റും ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഈ ഗണത്തിലാണ് പെടുന്നത്.
സ്ഥലബോർഡ് വെച്ചും പോയന്റുകളിൽനിന്ന് ആളെയെടുത്തും ടിക്കറ്റ് നൽകിയും യാത്രക്കാരെ കൊണ്ടുപോകുന്നതിന് പ്രത്യേകം സ്റ്റേജ് കാര്യേജ് പെർമിറ്റ് എടുക്കണം. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ചാർജ് ഈടാക്കിയേ സർവിസ് നടത്താനാകൂ. നിലവിൽ റൂട്ടിലോടുന്ന സ്വകാര്യ ബസുകളെല്ലാം മോട്ടോർ വാഹനവകുപ്പ് അനുവദിക്കുന്ന പെർമിറ്റും റൂട്ടും അനുസരിച്ച് സർവിസ് നടത്തുന്നവയാണ്.
എന്നാൽ, ഈ വ്യവസ്ഥകളെല്ലാം മറികടന്ന് സ്വന്തം നിലക്ക് റൂട്ടും സമയക്രമവും ടിക്കറ്റ് ചാർജുമടക്കം നിശ്ചയിച്ച് സർവിസ് നടത്താനാണ് സ്വകാര്യ ദീർഘദൂര ബസുകളുടെ നീക്കം. ഈ സാഹചര്യത്തിലാണ് മൂക്കുകയറില്ലാതെ ഓടുന്ന കോൺട്രാക്ട് കാര്യേജ് സർവിസുകളെ മോട്ടോർ വാഹനവകുപ്പ് നേരിടാനൊരുങ്ങുന്നത്. വഴിമധ്യേ ഇത്തരം ബസുകൾ പിടികൂടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്നതിൽ സർവിസ് തുടങ്ങുന്നതിന് മുമ്പോ സർവിസ് അവസാനിച്ചശേഷമോ നടപടിയെടുക്കാനാണ് നിർദേശം. ഈ വിഷയത്തിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ടൂറിസം വികസനത്തിനായി നൽകുന്ന അഖിലേന്ത്യ പെർമിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും പരസ്യം നൽകി സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് സർവിസ് നടത്താൻ നിയമപരമായ അധികാരം.
ഈ റൂട്ടുകളിൽകൂടി സ്റ്റേജ് കാര്യേജുകളായി സ്വകാര്യബസുകൾ എത്തുന്നതോടെ കെ.എസ്.ആർ.ടി.സിക്കും കടുത്ത പ്രതിസന്ധിയാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സ്വകാര്യ കോൺട്രാക്റ്റ് കാര്യേജുകൾക്കെതിരെ പിഴയടക്കം വ്യാപക നടപടിക്ക് മോട്ടോർ വാഹനവകുപ്പ് മുതിർന്നെങ്കിലും വൈകാതെ കെട്ടടങ്ങിയിരുന്നു.
റോബിനെ വെട്ടാൻ കോയമ്പത്തൂർ എ.സി വോൾവോയുമായി കെ.എസ്.ആർ.ടി.സി
പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ പുതിയ എ.സി വോൾവോ സർവിസുമായി കെ.എസ്.ആർ.ടി.സി. റോബിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പാണ് വോൾവോ പുറപ്പെടുന്നത്. സർവിസ് ഞായർ മുതൽ തുടങ്ങും. പത്തനംതിട്ടയിൽനിന്ന് പുലർച്ച 4.30ന് ആരംഭിക്കുന്ന സർവിസ് തിരികെ കോയമ്പത്തൂരിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.