കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. കഴിഞ്ഞ തവണ മൂന്നരലക്ഷത്തിലേറെ വോട്ടുകൾക്ക് അവർ ജയിച്ച മണ്ഡലമാണ്. ഇത്തവണയും അവർക്ക് കിട്ടേണ്ട വോട്ടുകൾ തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാധ്യമപ്രവർത്തകർ സത്യൻ മൊകേരിക്ക് പ്രാധാന്യം നൽകുന്നില്ലെന്നും ജി.സുധാകരൻ വിമർശിച്ചു. സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച് ഉയർന്നു വന്നയാളാണ് സത്യൻ മൊകേരി. മുൻ എം.എൽ.എയായിരുന്നു അദ്ദേഹം. മന്ത്രിയാവാൻ പോലും സാധ്യതയുണ്ടായിരുന്ന ആളായിരുന്നു സത്യൻ മൊകേരി. എന്നാൽ, സത്യൻ മൊകേരിയെ കുറിച്ച് ഒരു വരിപോലും എഴുതാൻ കേരളത്തിലെ മാധ്യമങ്ങൾ തയാറാവുന്നില്ല. ഇതാണോ പത്രധർമ്മമെന്നും ജി.സുധാകരൻ ചോദിച്ചു.
പ്രിയങ്ക ഗാന്ധിയെ ഇന്ദിരയുമായി താരതമ്യം ചെയ്യുന്നവരുണ്ട്. അടിയന്തരാവസ്ഥക്ക് കാരണക്കാരിയായ ഇന്ദിരയുമായി താരതമ്യം ചെയ്ത് കിട്ടുന്ന വോട്ട് കൂടി ഇല്ലാതാക്കാനാണോ ഇത്തരക്കാർ നോക്കുന്നത്. എ.സി റൂമിൽ നിന്നും ഇറങ്ങി വരുന്നവരെയല്ല ജനങ്ങൾക്ക് ഇഷ്ടപ്പെടുകയെന്നും ജി.സുധാകരൻ പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അൽപം വിയർപ്പുമായി വോട്ടു ചോദിക്കാൻ വരുന്നവരയെ അവർക്ക് ഇഷ്ടമാകു. മാധ്യമങ്ങളോട് ആരെങ്കിലും ശരീരശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ജി. സുധാകരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.