കൊച്ചി: ബി.ജെ.പി അനുകൂല നിലപാടിന്റെ പേരിൽ ക്രൈസ്തവ സഭകളിൽ എതിർപ്പ് ശക്തമാകുന്നു. ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച സിറോ മലബാർ മേജർ ആർച് ബിഷപ് ജോർജ് ആലഞ്ചേരിയെ വിമർശിച്ച് എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ ‘സത്യദീപം’ രംഗത്തുവന്നതിന് പിന്നാലെ ലത്തീൻസഭ മുഖപത്രമായ ‘ജീവനാദ’വും മുഖപ്രസംഗവും ലേഖനങ്ങളുമായി രംഗത്തുവന്നു. മാർ ആലഞ്ചേരിയെയും തലശ്ശേരി ആർച് ബിഷപ് ജോസഫ് പാംപ്ലാനിയെയും വിമർശിച്ച് ‘ജീവനാദ’ത്തിൽ ജെക്കോബി എഴുതിയ ‘കാറ്റുമാറി വീശുമ്പോൾ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ ബി.ജെ.പി കേരളത്തിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് തട്ടുപൊളിപ്പൻ രാഷ്ട്രീയ നാടകാവിഷ്കാരത്തിനാണ് കോപ്പുകൂട്ടുന്നതെന്ന് വ്യക്തമാക്കുന്നു.
പെസഹ ദിനത്തിൽ എ.കെ. ആന്റണിയുടെ മകന് പാർട്ടി അംഗത്വം കൊടുത്ത് ക്രൈസ്തവ സമൂഹത്തിലേക്ക് പാർട്ടിക്ക് ഇറങ്ങിച്ചെല്ലാനാവും എന്നൊക്കെ പറയുന്ന സംഘ്പരിവാറുകാർ ആന്റണി സഭയോട് എന്ത് ആഭിമുഖ്യമാണ് കാട്ടിയിരുന്നതെന്ന് ഓർക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. ഗോധ്ര തീവെപ്പുമായി ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ തീവെപ്പിനെ തുലനംചെയ്ത് വർഗീയ വിദ്വേഷം ആളിപ്പടർത്താൻ ശ്രമമുെണ്ടന്നും ഇക്കാര്യത്തിലടക്കം സംസ്ഥാനത്ത് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ക്രൈസ്തവനാമമുള്ള തീവ്രവാദികളായ സൈബർ പോരാളി ഗ്രൂപ്പുകൾ സംഘ്പരിവാറിന്റെ ചട്ടുകങ്ങളായി മാറുകയാെണന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹിജാബ്, ഹലാൽ, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ വർഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം കർണാടകയാണ്. രാജ്യത്ത് ക്രൈസ്തവർ ഏറ്റവും അധികം ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം കർണാടകയാെണന്നുംചൂണ്ടിക്കാട്ടുന്നു.
‘ജീവനാദ’ത്തിലെ ‘എന്താ ബി.ജെ.പി പാളയത്തിൽ പോയാല്‍’ എന്ന കെ.ജെ. സാബുവിന്റെ ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്. പുതിയ നസ്രാണി സേവകർ വീട്ടിൽ ഒടുക്കത്തെ ബൊെക്കയുമായി വരുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടികയും ഈ ലേഖനം നിരത്തിവെക്കുന്നുണ്ട്. ഗ്രഹാംസ്െറ്റയ്ൻസ് മുതൽ സ്റ്റാൻ സ്വാമിവരെയുള്ളവരുടെ രക്തസാക്ഷിത്വവും തകർക്കപ്പെട്ട പള്ളികളെയും മാനം നഷ്ടപ്പെട്ട സന്യാസിനികളെയും ഓർത്ത് ഉറക്കം പോകേണ്ടവർ വിചാരധാര അത്ര വിചാരപ്പെടേണ്ടതെല്ലന്നും ന്യായീകരിക്കുന്നതും മനോരോഗത്തോളം ഗുരുതരമായ അവസ്ഥയാണെന്നും ലേഖനം പറയുന്നു.
കോട്ടയം: കുന്നംകുളം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ ബി.ജെ.പി അനുകൂല നിലപാട് തള്ളി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. രാഷ്ട്രീയത്തില്‍ സമദൂര സിദ്ധാന്തമാണ് സഭക്കുള്ളത്. ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടില്ല. മാര്‍ യൂലിയോസിന്റെ നിലപാട് സഭയുടേതല്ല. സഭാ നിലപാട് പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചാനലിന് നൽകിയ അഭിമുഖത്തിൽ ബാവ പറഞ്ഞു.
മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ വീക്ഷണമാണ് സഭയുടേത്. ബി.ജെ.പിയെയോ എൽ.ഡി.എഫിനെയോ കോണ്‍ഗ്രസിനെയോ അനുകൂലിക്കുന്ന നിലപാടില്ല. സഭയിലെ അംഗങ്ങള്‍ വിവിധ രാഷ്ട്രീയ നിലപാടുള്ളവരാണ്. ഇതിനെ സഭ എതിർക്കില്ല. എന്നാൽ, സഭ ഒരു രാഷ്ട്രീയ പാര്ട്ടിക്കുമൊപ്പമല്ല.സുന്നഹദോസോ മാനേജിങ് കമ്മിറ്റിയോ ചേർന്നാകും സഭയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുക. ഇപ്പോൾ അത്തരത്തിലൊരു സാഹചര്യമില്ലെന്നും ബാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.