തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എല്ലാവിധ നിർബന്ധിത പണപ്പിരിവുകളും നിർത്തലാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവുകളും സർക്കുലറുകളും ലംഘിച്ച് പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല വിദ്യാലയങ്ങളും നിയമം തെറ്റിക്കുന്നതായി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ബാലാവകാശ കമീഷെൻറയും സർക്കാറിെൻറയും നിർദേശ പ്രകാരം ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്ന് നിർബന്ധിത ഫീസോ മറ്റ് പിരിവുകളോ നടത്തരുതെന്നാണ് ചട്ടം.
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ ഫീസോ പണപ്പിരിവോ നടത്തരുതെന്നും ഉത്തരവുണ്ട്. ഈ നിർദേശങ്ങൾ പാലിക്കാതെ പല സ്കൂളുകളിലും പി.ടി.എ ഫണ്ട്, ഡെവലപ്മെൻറ് ഫണ്ട് തുടങ്ങി പല പേരുകളിൽ പണപ്പിരിവ് നടത്തുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. സർക്കാറിെൻറ ധനകാര്യ പരിശോധന വിഭാഗം ചില സ്കൂളുകളിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരം പണപ്പിരിവുകളും സാമ്പത്തിക ക്രമക്കേടുകളും തടയുന്നതിന് പുതിയ ഉത്തരവിറക്കിയത്.
പി.ടി.എ ഫണ്ട് സമാഹരണം സംബന്ധിച്ച ഉത്തരവ് പ്രകാരം പരമാവധി പിരിക്കാവുന്ന തുകയിൽ അധികരിക്കാതെ പിരിക്കേണ്ടതും വ്യക്തമായ വരവ്-െചലവ് കണക്കുകൾ അതത് ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫിസർമാർ പരിശോധിച്ച് അംഗീകാരം നൽകേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.