പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കണം; എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി വേണമെന്ന് വനിതാ കമീഷന്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഇന്റേണല്‍ കമ്മറ്റികള്‍ രൂപീകരിക്കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ രണ്ടു ദിവസത്തെ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു കമീഷന്‍ അധ്യക്ഷ.

പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വനിതാ കമീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡന കേസുകളില്‍ കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ചതിനു ശേഷവും സംരക്ഷണം ലഭിക്കാത്തതു സംബന്ധിച്ച പരാതികള്‍ കമീഷനു മുന്‍പാകെ വരുന്നുണ്ട്. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലഭിച്ച ശേഷവും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യം കമീഷന്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന കേസുകളില്‍ മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം.

തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി) പല തൊഴില്‍ സ്ഥാപനങ്ങളിലും നിലവില്‍ വന്നിട്ടില്ല. ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരേ പിഴ ചുമത്തുന്നതിന് നടപടി സ്വീകരിക്കണം. അതിന് ആവശ്യമായ നടപടി കമീഷന്റെ ഭാഗത്തുനിന്നുണ്ടാകും.

പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണമെന്ന് നിയമമുണ്ട്. നിയമം അനുശാസിച്ചിട്ടുള്ള രീതിയില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റിയുണ്ടെന്ന് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തൊഴില്‍ സ്ഥാപനത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടോ എന്നു പോലും വനിതാ ജീവനക്കാര്‍ക്ക് അറിയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കുമ്പോള്‍ തന്നെ എല്ലാ ജീവനക്കാരെയും അറിയിക്കുന്ന വിധത്തില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

ഇന്റേണല്‍ കമ്മറ്റി ഭാരവാഹികളുടെ വിവരം എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പക്ഷേ, ഇത് അനുസരിച്ചുള്ള നിലപാട് തൊഴില്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം. സ്ത്രീകളോട് അപമര്യാദയായുള്ള എല്ലാ പെരുമാറ്റങ്ങളും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന കാര്യം പരസ്യപ്പെടുത്തുന്ന വിധത്തില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ആവശ്യമായ നടപടി സ്വീകരിക്കണം.

ഗാര്‍ഹിക പീഡനം, തൊഴില്‍ സ്ഥലത്തെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് സിറ്റിങ്ങിൽ പരിഗണനക്ക് എത്തിയവയില്‍ ഏറെയും. ഗാര്‍ഹിക പീഡന പരാതികളില്‍ ഏറെയും വളരെ ചെറിയ പ്രായത്തിലുള്ള യുവതികളുടേതാണ്. ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാത്ത പ്രശ്‌നങ്ങളാണ് ഗാര്‍ഹിക പീഡന പരാതികളില്‍ കൂടുതലായി ഉള്ളത്. വിവാഹ സമയത്ത് സ്ത്രീക്ക് സ്വന്തം വീട്ടില്‍ നിന്നു ലഭിക്കുന്ന ആഭരണങ്ങളോ, വസ്തുവോ, പണമോ എല്ലാം സ്ത്രീക്കു മാത്രം അവകാശപ്പെട്ടതാണെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യാൻ ഭർത്താവിനോ, ഭർത്തൃ ബന്ധുക്കൾക്കോ അവകാശമില്ലാത്തതുമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

രണ്ടു ദിവസത്തെ സിറ്റിങ്ങിൽ ആകെ 83 പരാതികള്‍ പരിഹരിച്ചു. 12 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. നാലു പരാതികള്‍ കൗണ്‍സിലിങ്ങിന് നിശ്ചയിച്ചു. 326 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 425 പരാതികളാണ് പരിഗണനക്ക് എത്തിയത്. വനിതാ കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Protection must be secured under a protection order; Women's Commission to have an internal committee in all employment institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.