കൊച്ചി: പ്രതികളെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കേണ്ട പുതിയ പ്രോട്ടോകോൾ മൂന്നു ദിവസത്തിനകം തയാറാകുമെന്ന് പൊലീസ് ഹൈകോടതിയിൽ. തുടർന്ന് ഒരാഴ്‌ചക്കകം സർക്കാറിന്‍റെ അനുമതിയോടെ ഇത് നടപ്പാക്കാനാവുമെന്നും ഡി.ജി.പി അനിൽകാന്ത് ഹൈകോടതിയിൽ അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിൽ ഹൈകോടതിയുടെ നിർദേശ പ്രകാരം ഓൺലൈനിൽ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രോട്ടോകോൾ നടപ്പാക്കണമെന്ന് കോടതിയും ആവശ്യപ്പെട്ടു.
പ്രതിയെ ഡോക്ടർക്കു മുന്നിൽ ഹാജരാക്കുമ്പോൾ പൊലീസ് എത്ര അകലത്തിൽ നിൽക്കണം, അവരെ എങ്ങനെ കൈകാര്യം ചെയ്യണം, അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെന്ത് തുടങ്ങിയവ പ്രോട്ടോകോളിൽ വ്യക്തമാക്കും. സംസ്ഥാന വ്യവസായ സുരക്ഷ സേനയിൽ (എസ്.ഐ.എസ്.എഫ്) 3000 അംഗങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രികളുടെ സംരക്ഷണത്തിന് പണം നൽകിയാൽ സേവനം നൽകാനാവുമെന്നും വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ഈ സേവനം ലഭ്യമാക്കുന്ന കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടത്. പ്രത്യേക പരിശീലനം ലഭിച്ച സേനയായതിനാൽ ഇവർക്ക് അക്രമങ്ങളെ നേരിടാൻ കഴിയുമെന്നും ഡി.ജി.പിക്കൊപ്പം ഹാജരായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ വിശദീകരിച്ചു. ദക്ഷിണമേഖല ഐ.ജി സ്‌പർജൻകുമാർ, ദക്ഷിണ മേഖല ഡി.ഐ.ജി ആർ. നിശാന്തിനി എന്നിവരും ഹാജരായി.
വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് രണ്ടുതവണ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളും ആശുപത്രി ഒ.പിയിലേക്ക് അയാളെ കൊണ്ടുവരുന്ന ദൃശ്യങ്ങളും പൊലീസ് ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.