തിരുവനന്തപുരം: പരീക്ഷ എഴുതുമെന്നുള്ള ഉദ്യോഗാർഥികളുടെ ഉറപ്പ് ഒ.ടി.പി മുഖേനയാക്കാൻ പി.എസ്.സി തീരുമാനം. ഇതിനായി ഉദ്യോഗാർഥിയുടെ മൊബൈൽ ഫോണിൽ 10 മിനിറ്റ് സമയസാധുതയുള്ള ഒ.ടി.പി അനുവദിക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ തീരുമാനിച്ചു.
‘കൺഫർമേഷൻ’ നൽകിയ ശേഷവും ഉദ്യോഗാർഥികൾ കൂട്ടത്തോടെ പരീക്ഷയിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും ഇതുമൂലം കോടികളുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നതെന്നുമുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ (വി.ഇ.ഒ) തസ്തികക്ക് കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ മാസം 26ന് നടന്ന പരീക്ഷയിൽ 1,92,409 പേർ പരീക്ഷ എഴുതുമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ, എഴുതിയത് 97,498 പേർ മാത്രം. ബാക്കി 94,911 പേർ മുങ്ങി.
തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒക്ടോബര് 12ന് നടത്തിയ വി.ഇ.ഒ പരീക്ഷയിലും ഇതുതന്നെയായിരുന്നു അവസ്ഥ. 2,04,444 പേർ പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകിയിരുന്നെങ്കിലും പകുതിപ്പേരെ എത്തിയുള്ളൂ. കൊല്ലം ജില്ലയിൽ 83,904 പേരാണു വി.ഇ.ഒ പരീക്ഷ എഴുതുമെന്ന് കൺഫർമേഷൻ നൽകിയത്. പരീക്ഷക്ക് എത്തിയത് 48,039 പേർ.
ഇടുക്കി ജില്ലയിൽ കൺഫർമേഷൻ നൽകിയ 43,865 പേരിൽ 11,394 പേരും കണ്ണൂർ ജില്ലയിൽ 64,640 പേരിൽ 38,065 പേരും മാത്രമാണ് പരീക്ഷ എഴുതിയത്. വി.ഇ.ഒ പരീക്ഷ രണ്ടു ലക്ഷത്തോളം പേർ എഴുതാതിരുന്നപ്പോൾ രണ്ടു കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അപേക്ഷ നൽകി പരീക്ഷ എഴുതാത്തവരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോഴാണു കൺഫർമേഷൻ രീതി നടപ്പാക്കിയത്. ഈ പരിഷ്കാരവും പ്രയോജനപ്പെടുന്നില്ലെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.