മലപ്പുറം: വെള്ളിയാഴ്ച നടത്തിയ പി.എസ്.സി. ഒാവർസിയർ, വർക്ക് സൂപ്രണ്ട് പരീക്ഷകളിൽ സമയമാറ്റവും പരീക്ഷകേന്ദ്രവും ഉദ്യോഗാർഥികളെ വലച്ചു. മലപ്പുറം പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന പരീക്ഷക്ക് സമയത്ത് എത്താനാവാതെ നിരവധിപേർക്ക് അവസരം നഷ്ടമായതായും ഉദ്യോഗാർഥികൾ ആരോപിച്ചു.
70 കിലോ മീറ്ററിലധികം ദൂരത്തുനിന്ന് വാഹനം വിളിച്ച് എത്തിയവരും കുഞ്ഞുങ്ങളെയടക്കം എടുത്ത് വന്നവരും പരീക്ഷ എഴുതാനാവാതെ മടങ്ങിയതായാണ് വിവരം. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നെത്തുന്നവരാണ് കൂടുതൽ പ്രയാസത്തിലായത്. ഒരൊറ്റ പരീക്ഷേകന്ദ്രം മാത്രം അനുവദിച്ചതാണ് പലർക്കും അവസരം നഷ്ടപ്പെടാൻ കാരണമായതെന്നാണ് പരാതി.
നേരത്തെ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 12.15നായിരുന്നു പരീക്ഷ പറഞ്ഞിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് പരീക്ഷസമയം മാറ്റി രാവിലെ 7.30നാണെന്ന് അറിയിച്ച് പി.എസ്.എസി ഉദ്യോഗാർഥികൾക്ക് സന്ദേശമയച്ചിരുന്നു. എന്നാൽ സന്ദേശം പലർക്കും കിട്ടിയിരുന്നില്ലെന്നും അനുയോജ്യമല്ലാത്ത സമയം കോവിഡ്കാലത്ത് പലരേയും ബുദ്ധിമുട്ടിച്ചെന്നുമാണ് ആരോപണം. പരീക്ഷാകേന്ദ്രത്തെ കുറിച്ച് അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർക്ക് എത്താനുള്ള സൗകര്യംകൂടി പരിഗണിച്ചാണ് സെൻററുകൾ തീരുമാനിക്കുന്നതെന്നാണ് മറുപടി കിട്ടിയതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
ഇത്തരം പരീക്ഷകളിൽ ജില്ലയിലെ വ്യാപ്തി പരിഗണിച്ച് രണ്ട് സെൻററുകളെങ്കിലും അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അതിരാവിലെ നടത്തുന്ന പരീക്ഷകൾ മാറ്റണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.