സിൽവർ ലൈനിലെ ഒളിച്ചുകളികൾ തുറന്നുകാട്ടി ജനകീയ സംവാദം

തിരുവനന്തപുരം: സിൽവർ ലൈനിലെ പൊരുത്തക്കേടുകൾ അക്കമിട്ടും കണക്കിലെ ഒളിച്ചുകളികൾ തുറന്നുകാട്ടിയും ജനകീയ സംവാദം. സിൽവർ ലൈൻ പോലൊരു തെക്കു വടക്ക് പാത കേരളത്തെ രണ്ടായി മുറിക്കുമെന്നത് ഒരു പരിധി വരെ ശരിയാണെന്നും കല്ലിടൽ ഉദ്യോഗസ്ഥരുടെ അനാവശ്യ ആവേശമാണെന്നും അനുകൂലിച്ചവരും ചൂണ്ടിക്കാട്ടിയതോടെ സംവാദം രാഷ്ട്രീയ പ്രഖ്യാപനം കൂടിയായി. ജനകീയ പ്രതിരോധ സമിതിയുടെ അഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിലായിരുന്നു ചർച്ച.

ആർ.വി.ജി മേനോന് പുറമെ, സർക്കാർ സംവാദത്തിൽനിന്ന് ഒഴിവാക്കിയ ജോസഫ് സി. മാത്യൂ, പിന്മാറിയ അലോക് കുമാർ വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് പദ്ധതിയെ എതിർത്ത് സംസാരിച്ചത്. ഡോ. കുഞ്ചെറിയ പി.ഐസക്, എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവർ പദ്ധതിയെ അനുകൂലിച്ചു.

അപ്രായോഗികമായ ആശയങ്ങളുടെ കെണിയിലാണ് കെ-റെയിലെന്ന് അലോക് വർമ സംവാദത്തിൽ തുറന്നടിച്ചു. പ്രാഥമിക സാധ്യതാ പഠനത്തിൽ ബ്രോഡ്ഗേജാണ് നിർദേശിച്ചിരുന്നതെങ്കിലും ഇതെല്ലാം അട്ടിമറിച്ച് സ്റ്റാൻഡേർഡ് ഗേജായി പദ്ധതിയെ മാറ്റുകയായിരുന്നു. കൊല്ലം, എറണാകുളം, തിരുവനന്തപുരം, ചെങ്ങന്നൂർ അടക്കം സ്റ്റേഷനുകൾ വിദൂരങ്ങളിലായാണ് നിർദേശിച്ചിരിക്കുന്നത്. ഇത് യാത്രക്കാരുടെ എണ്ണം കുറക്കും. പ്രാഥമിക സാധ്യത പഠനത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണിത്. ബ്രോഡ്ഗേജ് സ്റ്റാർഡേർഡ് ഗേജായതും സ്റ്റേഷനുകൾ വിദൂരങ്ങളിലേക്ക് മാറിയതും കെ-റെയിലിന്‍റെ നിർദേശ പ്രകാരമാണെന്ന് ഡി.പി.ആറിൽ അടിവരയിടുന്നു. ഫലത്തിൽ സിസ്ട്ര കെ-റെയിലിന് കീഴടങ്ങിയെന്നും അലോക് കുമാർ വർമ ചൂണ്ടിക്കാട്ടി.

കല്ലിടാതെയും സാമൂഹികാഘാത പഠനം നടത്താമെന്നും ഇത്തരമൊരു പാത നീരൊഴുക്ക് തടസ്സപ്പെടുത്തുമെന്നത് ഒരളവോളം ശരിയാണെന്നും പദ്ധതിയെ അനൂകൂലിച്ച കുഞ്ചെറിയ പി.ഐസക് ചൂണ്ടിക്കാട്ടി. വേഗത്തിലെത്തുക എന്നത് അനിവാര്യമാണ്. മണിക്കൂറിൽ 50 കിലോമീറ്റാണ് നിലവിലെ ട്രെയിനുകളുടെ വേഗം. ഇത് എങ്ങനെ കൂട്ടാമെന്നതാണ് ചിന്തിക്കേണ്ടത്. സിൽവർ ലൈനിൽ തൂണുകളിലുള്ള പാത (വയഡക്റ്റ്) 88 കിലോമീറ്ററാണ്. വയഡക്ടുകൾ വർധിപ്പിച്ചാൽ ഭൂമിയേറ്റെടുക്കൽ ചെലവും പരിസ്ഥിതി പ്രശ്നങ്ങളും കുറക്കാം. 6000 കോടിയുടെ അധിക ചെലവുണ്ടാകും. സ്റ്റാൻഡേർഡ് ഗേജാണ് ഇപ്പോഴത്തെ ടെക്നോളജിയെന്നും അതിവേഗ ട്രെയിനുകൾക്ക് ബ്രോഡ്ഗേജിൽ ഓടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ ആഘാതമെന്നത് കുടിയിറങ്ങുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും പൊതുഗതാഗതവുമായി പദ്ധതിക്ക് ഒരു ബന്ധവുമില്ലെന്നും ജോസഫ് സി. മാത്യു പറഞ്ഞു. നിലവിൽ ഉദ്ദേശിച്ച സമയത്തിലും ചെലവിലും പദ്ധതി പൂർത്തിയാകുന്ന കാലത്തെ ടിക്കറ്റ് നിരക്ക് കണക്കിലെടുത്താൽ സർക്കാർ ഉദ്യോഗസ്ഥർക്കു പോലും ആഴ്ചയിലൊരിക്കൽ യാത്രചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.

ഡി.പി.ആർ തിരുത്തുകയല്ല, ദൂരെയെറിയണം -ശ്രീധർ രാധാകൃഷ്ണൻ

നിർബന്ധമായും ഉണ്ടാകേണ്ടതിന്‍റെ 30 ശതമാനം മാത്രമാണ് സിൽവർ ലൈൻ ഡി.പി.ആറിൽ ഉള്ളതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീധർ രാധാകൃഷ്ണൻ. അടിസ്ഥാനപരമായി തന്നെ തെറ്റായുള്ള രേഖയെ തിരുത്തുകയല്ല, ദൂരെയെറിയുകയാണ് വേണ്ടത്. ആദ്യ റിപ്പോർട്ടിൽ 70 ശതമാനവും തൂണുകളിലുള്ള പാതയായിരുന്നെങ്കിൽ രണ്ടു മാസം കൊണ്ട് 60 ശതമാനവും മൺതിട്ട കെട്ടിയുയർത്തിയ പാതയായി ഓഫിസിലിരുന്ന് ഗൂഗ്ൾ എർത്തിന്‍റെ സഹായത്തോടെ മാറ്റി മറിക്കുകയായിരുന്നു. കൃത്യമായി പഠനം നടത്താതെയും വിപണിവില പരിഗണിക്കാതെയും 70-75 ശതമാനം വരെ ചെലവ് കുറച്ച് കാണിച്ചിരിക്കുന്നു. സാധ്യത പഠന റിപ്പോർട്ടും ഡി.പി.ആറും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 93 ശതമാനവും വളരെ ദുർബലമാണെന്ന് ഡി.പി.ആർ തന്നെ കണ്ടെത്തിയ മണ്ണിലൂടെയാണ് പാത കടന്നുപോകുന്നത്.

പ്രാഥമികാനുമതി പിൻവലിക്കണമെന്ന് അലോക് വർമ

കെ-റെയിലിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി സിസ്ട്ര തയാറാക്കിക്കൊടുത്ത റിപ്പോര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തത്ത്വത്തിലുള്ള പ്രാഥമികാനുമതി പിൻവലിക്കണമെന്ന് മുന്‍ സിസ്ട്ര കണ്‍സള്‍ട്ടന്‍റ് അലോക് വർമ. സിസ്ട്രയുടെ റിപ്പോര്‍ട്ടിനെ സാധ്യതാപഠന റിപ്പോര്‍ട്ടായി പരിഗണിക്കാനാകില്ല. പൂര്‍ണമായ പഠനമല്ല നടന്നിട്ടുള്ളത്. പ്രാഥമിക സാധ്യത പഠനറിപ്പോര്‍ട്ട് തന്നെയാണ് 50 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടായി മാറിയത്. വിശദമായ സാധ്യത പഠനത്തിന് രണ്ടുവര്‍ഷത്തെ സമയവും 50 കോടി രൂപ ചെലവുമുണ്ട്.

സര്‍ക്കാര്‍തലത്തില്‍ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കണം  -കുഞ്ചെറിയ പി.ഐസക്

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന നിര്‍ദേശങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കണമെന്ന് സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക്. നിലവിലുള്ള പാതകളുടെ വളവ് നികത്തുന്നത് സംബന്ധിച്ച് പഠനം നടന്നിട്ടില്ല. നിലവിലെ റിപ്പോർട്ടിനെ ഡി.പി.ആർ ആയി കണക്കാക്കാനാകില്ല. സാധ്യത പഠന റിപ്പോർട്ട് മാത്രമാണത്. നിലവിലെ അതിവേഗ പദ്ധതികളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. ബ്രോഡ്‌ഗേജില്‍ വേഗം കൂടിയതും കുറഞ്ഞതുമായ ട്രെയിനുകള്‍ ഒരുമിച്ച് ഓടിക്കാനാകില്ല.

വേഗതക്ക് വേണ്ടത് പാത ഇരട്ടിപ്പിക്കൽ -ആർ.വി.ജി. മേനോൻ

അതിവേഗ ട്രെയിനുകളല്ല, ജനസാന്ദ്രത കൂടുതലുള്ള കേരളത്തെ സംബന്ധിച്ച് കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളാണ് വേണ്ടതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്‍റ് ആർ.വി.ജി. മേനോൻ. വേഗതക്ക് വേണ്ടത് പാത ഇരട്ടിപ്പിക്കലാണ്. നിലവിലെ പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് അധികൃതരുടെ വീഴ്ചയാണ്. തിരുവനന്തപുരം- എറണാകുളം, കോഴിക്കോട്- എറണാകുളം പാതകളിലാണ് യാത്രക്കാര്‍ കൂടുതലുള്ളത്. നിലവിലുള്ള റെയില്‍പാത വികസിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം.

സിൽവർ ലൈൻ നിരക്ക് സാധാരണക്കാര്‍ക്ക് പ്രാപ്യമാകില്ല -ജോസഫ് സി. മാത്യു

സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതാകണം പൊതുഗതാഗത സംവിധാനങ്ങളെന്ന് ജോസഫ് സി. മാത്യു പറഞ്ഞു. സിൽവർ ലൈൻ നിരക്ക് സാധാരണക്കാര്‍ക്ക് പ്രാപ്യമാകില്ല. കിലോമീറ്ററിന് 3.90 രൂപയാണ് നിരക്കായി കണക്കാക്കുന്നത്. സമ്പന്നർക്കല്ലാതെ ഇതിലെ യാത്രാ ചെലവ് താങ്ങാനാകില്ല. ഏതാനും സമ്പന്നർക്ക് മാത്രം പ്രയോജനപ്പെടുന്ന പദ്ധതി പൊതുഖജനാവ് പണയപ്പെടുത്തിയും ജനത്തെ കടക്കെണിയിലാക്കിയും നടപ്പാക്കേണ്ടതില്ല. പലതും സര്‍ക്കാര്‍ ഒളിക്കുകയാണ്. .

കണ്ണടച്ച് എതിർക്കുന്ന പ്രവണത ശരിയല്ല -എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍

ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുകയും വിവാദമാക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍സ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍. രാഷ്ട്രീയമായി തര്‍ക്കിച്ച് പദ്ധതികള്‍ വൈകിപ്പിക്കുന്ന ശൈലി ഏറെക്കാലമായി സംസ്ഥാനത്തുണ്ട്.

വിവാദങ്ങൾ മൂലം തടസ്സപ്പെടുകയും പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം വന്‍തുക നല്‍കി പദ്ധതി നടപ്പാക്കുകയും ചെയ്യുന്ന ദുരനുഭവം സിൽവർ ലൈനിന് ഉണ്ടാകരുത്. 

Tags:    
News Summary - Public debate exposing the Silver Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.