മുഖ്യധാര പാർട്ടികളുടെ പിന്തുണയോടെയും അല്ലാതെയും തദ്ദേശപ്പോരിന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചില തദ്ദേശ കൂട്ടായ്മകൾ. അതത് നാട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം തട്ടകത്തിൽ നിലയുറപ്പിക്കാനാണ് അവരുടെ നീക്കം. പലവട്ടം പറഞ്ഞ പരിദേവനങ്ങളാണ് ഇത്തരമൊരു കൂട്ടായ്മയിലേക്ക് അവരെ നയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ച ട്വൻറി 20ക്ക് സമാനമായ നിരവധി കൂട്ടായ്മകളാണ് ഇത്തവണ ഉള്ളത്. അത്തരം ചില കൂട്ടായ്മകളെപ്പറ്റി...
കൊച്ചി: അഴിമതിക്കെതിരെ സുതാര്യ ഭരണമെന്ന ആശയവുമായി രംഗത്തുവന്ന വി ഫോർ കൊച്ചി മൂവ്മെൻറ് കൊച്ചി കോർപറേഷനിലെ 59 ഡിവിഷനുകളിൽനിന്ന് കപ്പൽ ചിഹ്നത്തിൽ ജനവിധി തേടുകയാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ അഴിമതി രാഷ്ട്രീയത്തിെനതിരെ സുതാര്യഭരണം, നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം, ഇടപാടുകളുടെ കമ്പ്യൂട്ടർവത്കരണം തുടങ്ങിയവയാണ് തങ്ങൾ മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങളെന്ന് വി ഫോർ കൊച്ചിയുടെ കൊച്ചി സോൺ ജോയൻറ് കൺട്രോളർ അലക്സാണ്ടർ ഷാജു പറഞ്ഞു. യുവാക്കളും പ്രഫഷനലുകളും ഉൾപ്പെടെയുള്ളവരാണ് സ്ഥാനാർഥികൾ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ട്വൻറി 20 ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ മത്സരിക്കുകയാണ്. കിഴക്കമ്പലം കൂടാതെ മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാർഥികളെ നിർത്തിയത്. ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കും മത്സരിക്കുന്നുണ്ട്.
രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിൽ ജീവിതം ബുദ്ധിമുട്ടിലായപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രോഷമുയർത്തി ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ചെല്ലാനം ട്വൻറി 20. പഞ്ചായത്തിലെ 21 വാർഡിലും സ്ഥാനാർഥികൾ മത്സരിക്കുന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് ചെല്ലാനം ഉൾപ്പെടുന്ന അഞ്ച് ഡിവിഷനുകളായ കാട്ടിപ്പറമ്പ്, കണ്ണമാലി, കണ്ടക്കടവ്, ചെല്ലാനം, അംബേദ്കർ കോളനി എന്നിവിടങ്ങളിലും സ്ഥാനാർഥികളുണ്ട്. ചെല്ലാനം ഉൾപ്പെടുന്ന ജില്ല പഞ്ചായത്ത് ഡിവിഷനായ കുമ്പളങ്ങിയിൽനിന്ന് മത്സ്യത്തൊഴിലാളിയായ സുദൻലാൽ ചെല്ലാനം ട്വൻറി 20ക്കുവേണ്ടി ജനവിധി തേടുന്നു. മറ്റ് കക്ഷികളിൽനിന്ന് ഭീഷണിയടക്കം ഉണ്ടായിട്ടും ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ചെല്ലാനം ട്വൻറി 20 വൈസ് പ്രസിഡൻറ് ജോസഫ് ദിലീപ് പറഞ്ഞു.
അഴിമതി രഹിത സമൂഹം എന്ന ലക്ഷ്യവുമായി തൃക്കാക്കര നഗരസഭയിൽ മത്സരിക്കുകയാണ് തൃക്കാക്കര ജനമുന്നേറ്റം. നഗരസഭയിലെ 34 ഡിവിഷനിലാണ് സ്ഥാനാർഥികളുള്ളത്. പ്രഷർ കുക്കർ ചിഹ്നത്തിലാണ് മത്സരം. നേരിട്ട് സംവദിക്കുമ്പോൾ മാറ്റം അനിവാര്യമാണെന്ന അഭിപ്രായമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് ട്രഷറർ ബാബു ജോസഫ് പറഞ്ഞു.
കോട്ടയം: പോരാട്ടവഴിയിൽ പുതുമാതൃക കാണിച്ച് േകാട്ടയത്തെ ട്വൻറി20 ജനകീയ കൂട്ടായ്മ മത്സരിക്കുന്നത് 12 വാർഡിൽ. മാലിന്യം വില െകാടുത്തുവാങ്ങി വളമായി തിരിച്ചുനൽകും, സൗജന്യ കുടിവെള്ളം, ഓരോ വാർഡിലും സൗജന്യ ആംബുലൻസ് സേവനം, മുനിസിപ്പാലിറ്റി സേവനങ്ങൾ വീട്ടുപടിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് കോട്ടയം നഗരസഭയിലെ ഇവരുടെ പോരാട്ടം.
അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയായിരുന്നു സ്ഥാനാർഥി നിർണയം. കണ്ടെത്തുന്നതിൽ മാത്രമല്ല, സ്ഥാനാർഥികളാകാനുള്ള യോഗ്യതയിലുമുണ്ടായിരുന്നു വ്യത്യസ്തത. ജോലിയുള്ളവരെ മാത്രമേ സ്ഥാനാർഥികളാക്കൂ. അതായത്, രാഷ്ട്രീയം ഉപജീവനമാർഗമാക്കാനാണെങ്കിൽ മെനക്കെടേെണ്ടന്ന്.
അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ട്വൻറി20 നഗരസഭയുടെ 52 വാർഡിലും സഞ്ചരിച്ചാണ് സ്ഥാനാർഥികളാവാനുള്ളവരുടെ അപേക്ഷ ക്ഷണിച്ചത്. അപേക്ഷ കിട്ടിയാൽ ജനപിന്തുണ ഉള്ളവരാണോയെന്ന് അന്വേഷിക്കും. ജനപിന്തുണയില്ലെങ്കിൽ ആദ്യമേ ഔട്ട്. വിജയിച്ചവരെ അഭിമുഖത്തിന് വിളിക്കും.
ട്വൻറി20യുടെ പെരുമാറ്റച്ചട്ടങ്ങൾ അനുസരിക്കാമെങ്കിൽ മാത്രം കരാർ ഒപ്പിടും. തുടർന്ന് സ്റ്റഡി ക്ലാസ് നൽകി സ്ഥാനാർഥികളാക്കും. വിജയിച്ചുകിട്ടിയാൽ തീർന്നു എന്നുകരുതേണ്ട. കൗൺസിലറുടെ പ്രവർത്തനം വിലയിരുത്താനും സമിതി ഉണ്ടാവും. ഓട്ടോഡ്രൈവർ, എ.ഡി.എസ് ചെയർപേഴ്സൻ, ഡ്രൈവിങ് ഇൻസ്പെക്ടർ, മെക്കാനിക്കൽ എൻജിനീയർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവരാണ് സ്ഥാനാർഥികൾ. മറ്റ് സംഘടനകളുടെയോ പാർട്ടികളുടെയോ പിന്തുണയില്ലാതെയാണ് മത്സരം.
തിരുവനന്തപുരം: തലസ്ഥാനനഗരത്തിെൻറ വികസനം എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ട തിരുവനന്തപുരം വികസന മുന്നേറ്റം കോർപറേഷനിലെ 14 വാർഡുകളിൽ മത്സരരംഗത്ത്. ഇതിൽ അഞ്ച് പേർ വനിതകളാണ്. പതിവ് രാഷ്ട്രീയ ആരോപണങ്ങൾക്കും പഴിചാരലുകൾക്കുമപ്പുറം വികസനത്തിെൻറ ശംഖൊലി എന്ന മുദ്രാവാക്യമുയർത്തിയാണ് ഇൗ കൂട്ടായ്മ പ്രചാരണരംഗത്ത് സജീവമാകുന്നത്.
സ്ഥാനാർഥികളെ കെണ്ടത്തിയതുതന്നെ വ്യത്യസ്തമായ രീതിയിലായിരുന്നു. സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം എന്ന അറിയിേപ്പാടെ പത്രപരസ്യം നൽകി. 130 അപേക്ഷ ലഭിച്ചു. ഇവരെ അഭിമുഖം നടത്തി മാനദണ്ഡം നിശ്ചയിച്ച് യോജ്യരായവരെ കെണ്ടത്തുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത, സാമൂഹികവിഷയങ്ങളിലെ നിലപാട്, ഉദ്ദേശ്യശുദ്ധി, വാർഡിെനക്കുറിച്ച കാഴ്ചപ്പാട്, തലസ്ഥാന വികസനത്തെക്കുറിച്ച കാഴ്ചപ്പാട് എന്നിവ പരിഗണിച്ചായിരുന്നു ഇതെന്ന് ഭാരവാഹികൾ പറഞ്ഞു. വിജയിച്ചാൽ കൂട്ടായ്മയിൽനിന്ന് വിട്ടുപോവുകയോ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യില്ലെന്ന് മുദ്രപ്പത്രത്തിൽ ഉറപ്പ് എഴുതി വാങ്ങിയിട്ടുമുണ്ട്.
തൃശൂർ: പ്രബലമുന്നണികൾക്ക് ഭീഷണിയുയർത്തി തൃശൂർ ജില്ലയിൽ മൂന്നിടത്ത് ജനകീയമുന്നണികൾ രംഗത്ത്. മണലൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലും തളിക്കുളം േബ്ലാക്കിലെ വലപ്പാട് ഡിവിഷനിലുമാണ് മുന്നണി രംഗത്തുള്ളത്. മണലൂർ പഞ്ചായത്തിൽ 'മിഷൻ ട്വൻറി 30 മണലൂർ' 12 ാം വാർഡിലാണ് മത്സരിക്കുന്നത്.
സി.പി.െഎ–എം.എൽ, ആർ.എം.പി.ഐ, ജനകീയ പ്രതികരണ സംഘങ്ങൾ, ദേശീയപാത ഇരകൾ എന്നിവ ഉൾപ്പെട്ട ജനമുന്നണിയായി തളിക്കുളം േബ്ലാക്ക് വലപ്പാട് ഡിവിഷനിലും പോരാട്ടത്തിലുണ്ട്. പുന്നയൂർക്കുളം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളിൽ ജനകീയ മുന്നണിയായാണ് സ്ഥാനാർഥികളുള്ളത്.
വളാഞ്ചേരി (മലപ്പുറം): യു.ഡി.എഫിന് തലവേദനയായി വളാഞ്ചേരി നഗരസഭയിൽ വളാഞ്ചേരി ഡെവലപ്മെൻറ് ഫോറം (വി.ഡി.എഫ്) മത്സര രംഗത്ത്. 10 സീറ്റുകളിലാണ് ഇവരുടെ സ്ഥാനാർഥികൾ ഇടതു പിന്തുണയോടെ രംഗത്തുള്ളത്.
'അഴിമതിക്കെതിരെ പോരാട്ടം, സമഗ്ര വികസനം' പ്രഖ്യാപനവുമായി അടുത്ത കാലത്താണ് വി.ഡി.എഫ് രൂപംകൊണ്ടത്. ഇടതുമുന്നണിയുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് 33 വാർഡുകളിൽ 10 എണ്ണം ഫോറത്തിന് നൽകിയത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി.പി. മൊയ്തീൻ കുട്ടിയാണ് ചെയർമാൻ. പി.ഡി.പി, ലീഗ് വാർഡ് കമ്മിറ്റി ഭാരവാഹികളും വി.ഡി.എഫിലുണ്ട്. പ്രാദേശിക ലീഗ് നേതാക്കളോടുള്ള എതിർപ്പാണ് ഫോറം രൂപവത്കരണത്തിലേക്ക് നയിച്ചത്. ഇതിെൻറ പേരിൽ ടി.പിയെ ലീഗിൽനിന്ന് പുറത്താക്കി.
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ആക്ഷൻ കൗൺസിലിന് (എ.എ.എ.സി) ഇത് കന്നിയങ്കം. ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ നേതൃത്വത്തിൽ 2018ലാണ് കൗൺസിൽ രൂപവത്കരിച്ചത്.
പ്രാദേശിക വികസന പ്രശ്നങ്ങൾക്കൊപ്പം ഗോത്രവർഗക്കാർ അഭിമുഖീകരിക്കുന്നതും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അഭിസംബോധന ചെയ്യാത്തതുമായ പ്രശ്നങ്ങളും ഉയർത്തിയാണ് സംഘടന തെരഞ്ഞെടുപ്പിനൊരുങ്ങുന്നതെന്ന് ചെയർമാൻ പി.വി. സുരേഷ് പറഞ്ഞു. ബി.എസ്.പിയുമായി ചേർന്ന് ആന ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
അഗളി, ഷോളയൂർ, പുതൂർ ഗ്രാമപഞ്ചായത്തുകളിലായി 12 സ്വന്തം സ്ഥാനാർഥികളും രണ്ട് സ്വതന്ത്രരും രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്ക് നാല് സ്ഥാനാർഥികളും ജനവിധി തേടുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് എത്തിയ ഒരുകൂട്ടം യുവാക്കളാണ് സംഘടനയുടെ തേരാളികൾ. അട്ടപ്പാടിയെ സാരമായി ബാധിച്ചേക്കാവുന്ന കേന്ദ്ര സർക്കാറിെൻറ പുതുക്കിയ ഖനന നയവും കേരളത്തിൽ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന 'പെസ' നിയമവുമടക്കം വിഷയങ്ങൾ ചർച്ചയാക്കുമെന്ന് മുൻ പട്ടികവർഗ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം കൂടിയായിരുന്ന പി.വി. സുരേഷ് പറഞ്ഞു.
കൽപറ്റ: കടക്കെണി, വന്യമൃഗശല്യം, വിളനാശം, വിലയിടിവ്, ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറുന്ന വനം, വന്യജീവി നിയമങ്ങൾ, കടുവകൾ വളർത്തുമൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും കൊന്നുതിന്നുന്ന സംഭവങ്ങൾ, ആനകൾ നാട്ടിലിറങ്ങി നടത്തുന്ന പരാക്രമം, വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ കർണാടക പ്രദേശത്തെ രാത്രിയാത്ര നിരോധനം... ഇങ്ങനെ നിരവധി പ്രശ്നങ്ങളിൽ അടുത്ത കാലത്തായി കർഷക കൂട്ടായ്മകൾ ജില്ലയിൽ ഉയർന്നുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കാർഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിലുള്ള കർഷക മുന്നണി സ്ഥാനാർഥികൾ തെരെഞ്ഞടുപ്പും പോരാട്ടവേദിയാക്കുകയാണ്. ഫാർമേഴ്സ് രാഷ്ട്രീയ കിസാൻ സംഘ്, വൺ ഇന്ത്യ വൺ പെൻഷൻ തുടങ്ങി 15 സംഘടനകൾ കർഷക മുന്നണിയിലുണ്ട്.
ജില്ല പഞ്ചായത്ത്, പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിൽ 17 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ടെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയ് പറഞ്ഞു. കർഷകരുടെ വിശാല ഐക്യം മുൻനിർത്തിയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.