ന്യൂഡൽഹി: രാജ്യസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് സ്വകാര്യ ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിന് ജാഗ്രത കുറവുണ്ടായെന്ന് മുസ് ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ്. രാജ്യസഭയിൽ കോൺഗ്രസ് അംഗങ്ങൾ ഇല്ലാതിരുന്നതിനെ വിമർശിക്കുകയല്ലെന്നും പാർലമെന്‍റിലെ സാഹചര്യം ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപക്ഷ ബെഞ്ചിൽ മുഴുവൻ അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. പല രാഷ്ട്രീയ കക്ഷികളും വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നു. ഒളിച്ചോടുന്ന കൂട്ടത്തിൽ കോൺഗ്രസ് ഉണ്ടാവില്ല. അങ്ങനെയുണ്ടെങ്കിൽ അക്കാര്യം ലീഗിനോട് പറയുമായിരുന്നുവെന്നും വഹാബ് ചൂണ്ടിക്കാട്ടി. തന്‍റെ പരാമർശത്തിന് പിന്നാലെ ജെബി മേത്തർ അടക്കം ഏതാനും പേർ സഭയിലെത്തുകയും ബില്ലിനെ എതിർത്ത് സംസാരിക്കുകയും ചെയ്തു. പരസ്യ വിമർശനം താൻ നടത്തിയിട്ടില്ലെന്നും വഹാബ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സ്വകാര്യ ബില്ലുകൾ സഭയിൽ വരാറുള്ളത്. ഇക്കാര്യം കോൺഗ്രസ് അംഗങ്ങളുടെ ശ്രദ്ധയിൽ വന്നുകാണില്ല. ന്യൂനപക്ഷ പ്രീണനമാണ് നിലവിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലി. അതുകൊണ്ട് മുസ് ലിംകൾ അടക്കം വിഭാഗങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ സി.പി.എം ചെലുത്തും. രാജാവിനെക്കാൾ കൂടുതൽ രാജഭക്തി അവർ കാണിക്കും. അതാണ് സി.പി.എം അംഗങ്ങൾ ഇന്നലെ രാജ്യസഭയിൽ കാണിച്ചത്.
സി.പി.എമ്മിന്‍റെ ന്യൂനപക്ഷ സ്നേഹത്തിൽ ആത്മാർഥതയില്ലെന്നും കേരളത്തിലെ രാഷ്ട്രീയ ചുറ്റുപാടിലാണ് സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നതെന്നും വഹാബ് പറഞ്ഞു. ലീഗ് യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ല. എല്ലാകാലവും ഭരണമുണ്ടാകണമെന്നില്ല. പ്രത്യേക സാഹചര്യത്തിലാണ് 1967-69ൽ ഇടതുപക്ഷവുമായി ലീഗ് സഹകരിച്ചത്. പരീക്ഷണം പരാജയപ്പെട്ടതോടെ ഇടത് ബന്ധം അവസാനിപ്പിച്ചു. അത്തരം സാഹചര്യം ഇപ്പോഴില്ലെന്നും കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്ന് ലീഗിന് തോന്നുന്നില്ലെന്നും വഹാബ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.