വഹാബിന്‍റേത് ലീഗിന്‍റെ അഭിപ്രായമല്ല; തെറ്റ് ഏറ്റുപറഞ്ഞുവെന്ന് പി.എം.എ സലാം

കോഴിക്കോട്: ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി. അബ്ദുൽ വഹാബ് എം.പി തെറ്റ് ഏറ്റുപറഞ്ഞുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. വഹാബിന്‍റേത് ലീഗിന്‍റെ അഭിപ്രായമല്ല. ഇതോടെ വിഷയം അവസാനിച്ചെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ച രാജ്യസഭയിൽ ചർച്ചക്കിടെയാണ് മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും വഹാബ് പ്രശംസിച്ചത്. കേരളത്തിന് കേന്ദ്രസഹായം തടയുന്നതിനെതിരെ ജോൺ ബ്രിട്ടാസ് എം.പി മന്ത്രി വി. മുരളീധരനെതിരെ ആഞ്ഞടിച്ച ശേഷമായിരുന്നു വഹാബിന്‍റെ പ്രസംഗം. വി. മുരളീധരൻ ഡൽഹിയിലെ കേരള അംബാസഡറാണെന്നായിരുന്നു വഹാബിന്‍റെ പ്രശംസ. മന്ത്രി രാജീവ് ചന്ദ്രശേഖരൻ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും പുകഴ്ത്തി.

വഹാബിന്‍റെ പ്രസ്താവനയുടെ ഗൗരവം ഉൾക്കൊണ്ടാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പത്രക്കുറിപ്പിലൂടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച അബ്ദുൽ വഹാബിന്‍റെ നടപടിയോട് ലീഗിന് യോജിപ്പില്ലെന്നാണ് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. ഏതു സാഹചര്യത്തിലാണ് വഹാബ് പരാമർശം നടത്തിയത് എന്നതിനെക്കുറിച്ച് വിശദീകരണം ചോദിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.

പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതിനെതിരെ മുമ്പ് സാദിഖലി തങ്ങൾ താക്കീത് നൽകിയിട്ടും വഹാബ് വ്യക്തിപരമായ നിലപാട് സ്വീകരിച്ചത് ഗുരുതര അച്ചടക്ക ലംഘനമായെന്നാണ് വിലയിരുത്തൽ. പാർലമെന്‍റ് സമ്മേളനം കഴിഞ്ഞാൽ പാർട്ടി എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ യോഗം വിളിച്ച് വിഷയം ചർച്ചചെയ്യും.

മുമ്പ് ഏകസിവിൽകോഡ് ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അസാന്നിധ്യത്തെ വിമർശിച്ച പി.വി. അബ്ദുൽ വഹാബിന്‍റെ നടപടി ലീഗിനെ വെട്ടിലാക്കിയിരുന്നു. പ്രസ്താവന അനവസരത്തിലാണെന്ന് നേതൃത്വം വിലയിരുത്തി. കോൺഗ്രസ് നേതൃത്വവും വഹാബിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ഇതിന്‍റെ ചൂടാറും മുമ്പാണ് ബി.ജെ.പിയോടും കേന്ദ്രസർക്കാറിനോടും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ പ്രതിഷേധം നടക്കുമ്പോൾ വഹാബ് കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയത്. വഹാബിന്‍റെ പ്രസ്താവനയിൽ കെ. മുരളീധരൻ എം.പി അതൃപ്തി പരസ്യമാക്കിയിരുന്നു.

Tags:    
News Summary - PV Abdul Wahab's is not the opinion of the Muslim League - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.