പുറത്താക്കിയ നടപടിക്കെതിരേ സിമി റോസ്ബെല്‍; ‘അന്തസും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവില്ല’

കൊച്ചി: സ്വകാര്യ ടിവി ചാനൽ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ്ബെല്‍ ജോൺ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയതിന്‍റെ കാരണം വിശദീകരിക്കണമെന്ന് സിമി റോസ്ബെല്‍ ആവശ്യപ്പെട്ടു.

സി.പി.എം ഗൂഢാലോചന എന്ന ആരോപണത്തിനുള്ള തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ വേണുഗോപാൽ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും അവർ പറഞ്ഞു. പാർട്ടിയിൽ അന്തസും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ല. ഹൈബിയുടെ യോഗ്യത അല്ലല്ലോ, ഈഡന്റെ മകനായത് കൊണ്ടല്ലേ എം.പി ആക്കിയത്. എന്ത് കൊണ്ട് പദ്മജക്ക് കൊടുത്തില്ല?. പദ്മജയെ തോൽപിച്ചതാണ്. ദീപ്തി മേരി വർഗീസിനെ പുറത്താക്കി, മൂന്നുമാസത്തിൽ അവർ തിരിച്ചെത്തി.

രാഹുൽ ഗാന്ധിയെ വിമർശിച്ച മഹേഷ്‌ എം.എൽ.എക്ക് ഒന്നും സംഭവിച്ചില്ല. കാരണം അയാൾ പുരുഷനായത് കൊണ്ടാണ്. വിധവയായ തന്നെ തകർക്കാൻ ശ്രമിക്കുകയാണ്. വി.ഡി. സതീശൻ വന്ന വഴി മറക്കരുത്. പഴയ സ്കൂട്ടറിൽ മണിച്ചെയിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു. കോൺഗ്രസിന്‍റെ തുടർഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു.

സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമി റോസ്ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ.പി.സി.സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്​ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്​, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എം.പി എന്നിവരടക്കമുള്ള വനിതാ നേതാക്കളാണ് നടപടി ആവശ്യപ്പെട്ടത്. സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Simi Rosbell against Congress expulsion proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.