തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷയുടെ ആദ്യദിനമായ ബുധനാഴ്ച നടക്കാനിരുന്ന ഒമ്പതാം ക്ലാസ് അറബിക് പേപ്പർ ഒന്ന് (ജനറൽ) പരീക്ഷ ചോദ്യപേപ്പർ മാറി അച്ചടിച്ചതിനെ തുടർന്ന് മാറ്റിവെച്ചു. ഈ പരീക്ഷ ഏപ്രിൽ രണ്ടിന് ഉച്ചക്കുശേഷം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അറബിക് പേപ്പർ ഒന്ന് ചോദ്യപേപ്പറിന് പകരം സ്കൂളുകളിൽ എത്തിച്ചത് ഓറിയൻറൽ സ്കൂളുകളിലെ അറബിക് പരീക്ഷ ചോദ്യപേപ്പർ ആയിരുന്നു. ചൊവ്വാഴ്ചയാണ് പിഴവ് ശ്രദ്ധയിൽപെട്ടത്.
സ്കൂൾ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി.ആപ്റ്റിനാണ്. എസ്.സി.ഇ.ആർ.ടി തയാറാക്കി നൽകിയ ചോദ്യ പേപ്പറിന്റെ കോഡ് നമ്പർ പരിശോധിച്ച് അച്ചടിക്കുന്നതിൽ സി.ആപ്റ്റിൽ പിഴവ് സംഭവിച്ചുവെന്നാണ് നിഗമനം. ജനറൽ സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ അറബിക് പഠിക്കുന്ന വിദ്യാർഥികൾക്കായി ലക്ഷത്തിലധികം ചോദ്യപേപ്പറാണ് അച്ചടിക്കേണ്ടിയിരുന്നത്. പകരം ഓറിയൻറൽ സ്കൂളിൽ ഉപയോഗിക്കേണ്ട ചോദ്യപേപ്പറാണ് അച്ചടിച്ച് വിതരണം ചെയ്തത്. ആകെയുള്ള 11 ഓറിയൻറൽ സ്കൂളുകളിലെ 5000ത്തിൽ താഴെ വിദ്യാർഥികൾക്ക് മാത്രമേ ഈ ചോദ്യപേപ്പർ ആവശ്യമുള്ളൂ.
ജനറൽ സ്കൂളുകളിൽ അറബിക് പരീക്ഷ എഴുതുന്ന ലക്ഷത്തിലധികം വിദ്യാർഥികൾക്കായി 5000ത്തോളം ചോദ്യപേപ്പർ മാത്രമാണ് അച്ചടിച്ചത്. പരീക്ഷ മാറ്റിയ സാഹചര്യത്തിൽ ഇതിനകം ഏതാനും സ്കൂളിൽ എത്തിച്ച അറബിക് ചോദ്യപേപ്പർ ഒഴിവാക്കാനും നേരത്തെ തയറാക്കിയ രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യാനുമാണ് നിർദേശം. ഇതായിരിക്കും ഏപ്രിൽ രണ്ടിലേക്ക് മാറ്റിയ പരീക്ഷക്ക് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.