കണ്ണൂർ: കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗം എടുത്തുകളയാത്തത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇ.ഡിയോ സി.ബി.ഐയോ ചോദ്യം ചെയ്യാത്തത്? 24 മണിക്കൂറും ബി.ജെ.പിയെ വിമർശിക്കുന്ന തന്നെ മുഴുവൻ സമയവും വിമർശിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി. അതെന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.
ഒരാൾ ബി.ജെ.പിയെ ആക്രമിച്ചാൽ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി. വിമർശനവും എതിർപ്പും സത്യസന്ധമാണെങ്കിൽ മാത്രമേ ബി.ജെ.പി പിന്നാലെ വന്ന് ആക്രമിക്കുകയുള്ളൂ. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയിൽ നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടിൽ നിന്നു പോലും ഇറങ്ങേണ്ടി വന്നു. എന്നാൽ ഇന്ത്യ മുഴുവൻ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമേ ഉള്ളൂവെന്നും കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു.
കന്യാകുമാരി മുതൽ കശ്മീർ വരെ 4000 ലേറെ കിലോമീറ്ററുകൾ നടന്നു. അന്നുതുടങ്ങിയ മുട്ടുവേദന ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ പോരാടുമ്പോൾ താൻ അതിന് വലിയ വില കൊടുക്കേണ്ടിവരുന്നുണ്ടെന്നും രാഹുൽ സൂചിപ്പിച്ചു. രാജ്യം മുഴുവൻ തന്റെ പ്രതിഛായ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയും അവരുടെ ചാനലുകളും. ലോക്സഭാംഗത്വം അവർ എടുത്തുകളഞ്ഞു. ഒരു ദിവസം 12 മണിക്കൂർ വെച്ച് 55 മണിക്കൂറാണ് ഇ.ഡി തന്നെ ചോദ്യം ചെയ്തതെന്നും ആരെങ്കിലും ബി.ജെ.പിയെ എതിർക്കാൻ ശ്രമിച്ചാൽ അവർ ഇ.ഡിയെ വെച്ച് വേട്ടയാടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.