രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ല; സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ട് -ഡി. രാജ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് സി.പി.ഐ. സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് ദേശീയ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.

പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർഥി നിർണയം ചർച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ജെ.പിയെ തോൽപിക്കുകയാണ് ഇൻഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി. രാജ പറഞ്ഞു.

വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കരുതെന്ന് സി.പി.ഐ കേരളാ ഘടകം ആവശ്യപ്പെടുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സി.പി.ഐ ദേശീയ നേതൃത്വത്തിന്‍റെ അന്തിമ തീരുമാനത്തിന് പിന്നാലെ ഇക്കാര്യം ഔദ്യോഗികമായി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

ബി.ജെ.പി സ്ഥാനാർഥിക്കെതിരെ രാഹുൽ മത്സരിക്കണമെന്നാണ് സി.പി.ഐ ആവശ്യം. കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായതിനാലാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ സി.പി.ഐ ഈ ആവശ്യം മുന്നോട്ടു വെക്കുന്നതെന്നാണ് വിവരം.

കേരളത്തിലെ സി.പി.എം നയിക്കുന്ന എൽ.ഡി.എഫിന്‍റെ ഭാഗമായ സി.പി.ഐ, 2009ലെ മണ്ഡല രൂപീകരണം മുതൽ പാർട്ടി സ്ഥാനാർഥിയെയാണ് വയനാട്ടിൽ മത്സരിപ്പിക്കുന്നത്. സംസ്ഥാനത്ത് നാലു ലോക്സഭ സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വയനാട്ടിൽ വിജയിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ 4.31 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി ജയിച്ചത്. 

Tags:    
News Summary - Rahul Gandhi will not oppose re-contesting in Wayanad -D. Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.