തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ല ജയിലിൽ െവച്ച് കന്റോമെൻ്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ, മൂന്നു കേസിൽ ഒരു കേസിലാണ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രണ്ട് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജാക്കും. അതേസമയം, രാഹുലിന്റെ ജാമ്യഹരജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്. ഡി.ജി.പി ഓഫീസ് മാർച്ചിലും മ്യൂസിയം അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. രണ്ടര മണിക്കൂർ നീണ്ട സംഘർഷത്തിനിടെ നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ വനിതകളടക്കം നിരവധിപേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി. പ്രവീൺ അടക്കം നേതാക്കളെയും വനിതാപ്രവർത്തകരെയും പൊലീസ് വളഞ്ഞിട്ട് മർദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രി ജങ്ഷനിലെ റോഡ് ഉപരോധിച്ചു.
മാർച്ചിനിടെയുണ്ടായ കല്ലേറിൽ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി. പ്രവീൺ, ജനറൽ സെക്രട്ടറി മേഘ രഞ്ജിത്, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളി, ജില്ല വൈസ് പ്രസിഡന്റ് ഗംഗാശങ്കർ, ഔട്ട് റീച്ച് സെൻ സെക്രട്ടറി രൂപേഷ്, പത്തിയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആദർശ് മഠത്തിൽ, ഔട്ട് റീച്ച് സെൽ സംസ്ഥാന ചെയർമാൻ അഡ്വ. മുത്താര, നവാസ്, ശരണ്യ, ആലപ്പുഴ ബീച്ച് മണ്ഡലം പ്രസിഡന്റ് അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിച്ച കലക്ടറേറ്റ് മാർച്ച് നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം നിർവഹിച്ച് മടങ്ങിയശേഷമാണ് പ്രവർത്തകർ പ്രകോപിതരായത്. ഇത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പലതവണ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമത്തിനൊപ്പം കൊടികെട്ടിയ കമ്പും കല്ലും പൊലീസിനുനേരെ എറിഞ്ഞതോടെ നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. ഇതിനിടെ, വനിതകളടക്കമുള്ളവർ മതിൽചാടി കടന്നതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇവരെ ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കയർ മുറിച്ചുമാറ്റി അഴിച്ചെടുത്ത രണ്ട് ബാരിക്കേഡുകളിൽ ഒരെണ്ണം എടുത്തുയർത്തി പൊലീസിനുനേരെ എറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ചിതറിയോടിയ പ്രവർത്തകരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു.
ലാത്തിച്ചാർജിൽ നിരവധി വനിതാപ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ വലിച്ചിഴിച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. പുരുഷ പൊലീസിന്റെ ലാത്തിയടിയിൽ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ തലക്ക് പരിക്കേറ്റതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ 100 പേർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.