പാലക്കാട്: വാളയാറിൽ മോട്ടോർ വാഹന വകുപ്പിന്റെ ഇൻ ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്. വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി പിരിച്ചെടുത്ത 67,000 രൂപ പിടികൂടി. വിജിലൻസ് സംഘത്തെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന എം.വി.ഐ ബിനോയ് പണം മേശക്കടിയിലേക്ക് എറിഞ്ഞ് ഇറങ്ങിയോടി.
മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സ തേടാനെന്ന് പറഞ്ഞ് അടുത്ത ആശുപത്രിയിലേക്ക് ഓടിക്കയറി. പണത്തിന് പുറമെ പഴവും പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. സ്വാമിമാരുടെയും ഡ്രൈവർമാരുടെയും വേഷത്തിലാണ് വിജിലൻസ് സംഘം പലയിടങ്ങളിലായി നിരീക്ഷണം തുടങ്ങിയത്. 500ന്റെയും 100ന്റെയും നോട്ടുകൾ ഇലയിൽ പൊതിഞ്ഞ നിലയിലായിരുന്നു.
ലോറി ജീവനക്കാരൻ ചെക്ക്പോസ്റ്റിലെ ജീവനക്കാർക്ക് മത്തൻ നൽകാൻ എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പണം നൽകാൻ വന്ന ആളുകൾ മടങ്ങുന്ന ദൃശ്യവും പുറത്തുവന്നു. ഊട്ടിയിൽനിന്നും കോയമ്പത്തൂരിൽനിന്നും വരുന്ന വാഹനങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ പതിവായി സാധനങ്ങൾ വാങ്ങുന്നതായാണ് വിവരം. എം.വി.ഐ ബിനോയ്, എ.എം.വി.ഐമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് വിജിലൻസ് ഡിവൈ.എസ്.പി നടപടിക്ക് ശിപാർശ ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ട് മുതൽ ചൊവ്വാഴ്ച പുലർച്ച രണ്ട് വരെ വാളയാറിലെ ചെക്ക്പോസ്റ്റിൽ കൈക്കൂലിയായി 67,000 രൂപ ഉദ്യോഗസ്ഥർ പിരിച്ചെടുത്തപ്പോൾ ഇതേദിവസം രാത്രി പത്തിനും 12നും ഇടയിൽ ഈ ചെക്ക്പോസ്റ്റിൽ സർക്കാറിന് വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്. വാളയാറിലെ ഇതേ ചെക്ക്പോസ്റ്റിൽ കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന റെയ്ഡിലും 1,71,975 രൂപ വിജിലൻസ് പിടികൂടിയിരുന്നു. അന്നും അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.