കാളികാവ്: ദിവസങ്ങളായി പെയ്തുവന്ന കനത്തമഴക്ക് നേരിയ ശമനം വന്നതോടെ ഉരുൾപൊട്ടൽ ഭീഷണി നിലനിന്ന മലയോര ഗ്രാമങ്ങളിൽ ആശങ്ക കുറയുന്നു. കാലവർഷം കനത്ത് പെയ്തതോടെ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ പശ്ചിമഘട്ടത്തിന്റെ താഴ്വാര പ്രദേശങ്ങളായ ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് കടിഞ്ചീരി, നാൽപത് സെൻറ്, സ്രാമ്പിക്കല്ല് കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട് പട്ടാണിത്തരിശ്, ചങ്ങണംകുന്ന് പ്രദേശങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീതിയിലായിരുന്നു.
എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ മഴ തെല്ല് മാറി അന്തരീക്ഷം തെളിഞ്ഞതോടെ ദിവസങ്ങളായി നിലനിന്ന ആശങ്കയും ഭീതിയും താൽക്കാലികമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം, ആഗസ്റ്റിൽ ഇനിയും മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് അധികൃതരെ ജാഗ്രത പുലർത്താൻ നിർബന്ധിതമാക്കുന്നു.
ചോക്കാട് പഞ്ചായത്തിലെ 39.44 ശതമാനവും കാളികാവ് പഞ്ചായത്തിലെ 20.54 ശതമാനം പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളാണെന്ന് കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ചോക്കാട് - അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ടി.കെ. കോളനി ഭാഗങ്ങൾ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൾ ഉൾപ്പെടുന്ന മേഖലയാണ്.
ഇതിനടുത്ത കൊട്ടൻചോക്കാട് മലവാരത്തിൽ നിന്നാണ് നാൽപത് സെൻറ് നിവാസികൾ കഴിഞ്ഞ ദിവസം രാത്രി പാറകൾ പൊട്ടുന്നത് പോലെ നടുക്കുന്ന ശബ്ദം കേട്ടതും തുടർന്ന് മാറിത്താമസിച്ചതും. മഴ കുറഞ്ഞതോടെ മേഖലയിൽ വീട് മാറിത്താമസിച്ചവരെല്ലാം സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
എടക്കര: ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ആരംഭിച്ച മേഖലയിലെ ക്യാമ്പുകള്‍ അസിസ്റ്റന്റ് കലക്ടര്‍ വി.എം. ആര്യ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയുള്ളതുമായ സ്ഥലങ്ങളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേരത്തെ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ആരംഭിച്ച പോത്തുകല്‍ വില്ലേജിലെ പൂളപ്പാടം ഗവ. യു.പി സ്കൂളിലെയും കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ക്യാമ്പുകളിലാണ് അവര്‍ സന്ദര്‍ശനം നടത്തിയത്. മഴ കുറയുന്ന സാഹചര്യത്തില്‍ ഈ രണ്ട് ക്യാമ്പുകളും ഞായറാഴ്ച നിര്‍ത്തിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശേഷം ചാലിയാറിന്റെ പനങ്കയം കടവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും അസി. കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. തഹസില്‍ദാര്‍ കെ.കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രമോദ്, കെ. ശബരീനാഥന്, കുറുമ്പലങ്ങോട് വില്ലേജ് ഓഫിസര്‍ പി. ഉണ്ണികൃഷ്ണന്, പോത്തുകല്‍ വില്ലേജ് ഓഫിസര്‍ വിനോദ് എന്നിവര്‍ സംബന്ധിച്ചു.
കരുവാരകുണ്ട്: ഉരുൾപൊട്ടൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് ഞായറാഴ്ച പിരിച്ചുവിടും. വ്യാഴാഴ്ച നിലമ്പൂർ തഹസിൽദാർ ക്യാമ്പ് സന്ദർശിച്ചിരുന്നു. ശേഷം നടന്ന അവലോകന യോഗത്തിലാണ് ക്യാമ്പ് തൽക്കാലം നിർത്താൻ ധാരണയായത്.
ശനിയാഴ്ച മഴ കുറവായിരുന്നു. തിങ്കളാഴ്ച സ്കൂൾ തുറക്കേണ്ടതുമുണ്ട്. കൽക്കുണ്ട് ആർത്തലക്കുന്ന്, കല്ലള, പന്നിക്കുന്ന്, പാന്ത്ര പുറ്റള എന്നിവിടങ്ങളിൽ നിന്നായി 110 പേരാണ് ക്യാമ്പിലുള്ളത്. 40ഓളം പേർ കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത്, കേരള എസ്റ്റേറ്റ്, കരുവാരകുണ്ട് വില്ലേജ് ഓഫിസ് ജീവനക്കാർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
എടക്കര: പാലങ്കര കരിമ്പുഴയില്‍ പാലത്തിന് ഭീഷണിയായി മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍ മരങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യം. കരിമ്പുഴയില്‍ മൂത്തേടം കരുളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തൂണുകളിലാണ് കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് വന്‍ മരങ്ങള്‍ വന്നടിഞ്ഞത്.
17 മീറ്ററോളം നീളമുള്ള മരം പാലത്തിന്റെ തൂണില്‍ വന്നിടിക്കുന്നത് ഭീഷണിയായിരിക്കുകയാണ്. 2019ലെ പ്രളയത്തില്‍ പാലത്തിന്റെ ഒമ്പത് സ്പാനുകളില്‍ ഒന്ന് ഒരു മീറ്ററോളം തെന്നിമാറിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും വിധം പാലത്തിന്റെ തൂണുകളില്‍ വിലങ്ങായി നില്ക്കുന്ന മരങ്ങള്‍ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് പാലങ്കര സ്നേഹക്കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി ജില്ല കലക്ടര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (പാലം വിഭാഗം) എന്നിവര്‍ക്ക് നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.