കൊച്ചി: കോവിഡിെൻറ ദുരിതകാലത്തിനൊപ്പം സംസ്ഥാനത്തെ കർഷകരെ കണ്ണീരിലാഴ്ത്തി മഴക്കെടുതിയും. ഈ മാസം ഒന്ന് മുതൽ 17 വരെയുള്ള കണക്ക് പ്രകാരം വിവിധ ജില്ലകളിലായി 2626.95 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. ഓണത്തിന് മുമ്പ് വിളവെടുപ്പ് പ്രതീക്ഷിച്ച ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ വെള്ളപ്പൊക്കത്തിലും കാറ്റിലും മഴയിലും നശിച്ചു. ബാങ്ക് വായ്പയിലും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്ത രണ്ടേകാൽ ലക്ഷത്തോളം കർഷകർ ഇതോടെ ദുരിതത്തിലായി.
ആഗസ്റ്റ് ആറു മുതൽ 12 വരെയുള്ള ഒരാഴ്ച മാത്രം സാധാരണ ലഭിക്കുന്ന മഴയെക്കാൾ 217 ശതമാനം കൂടുതലാണ് പെയ്തത്. 14 ജില്ലകളിലായി 50,577.58 ഹെക്ടറിലെ 2,23,235 കർഷകരുടെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിെൻറ കണക്ക്. തിരുവനന്തപുരം ജില്ലയിലാണ് നാശനഷ്ടം കൂടുതൽ. 6131.73 ഹെക്ടറിലെ 919.42 കോടിയുടെ കൃഷിയാണ് ഇവിടെ നശിച്ചത്. പച്ചക്കറി കർഷകർക്കാണ് കൂടുതൽ നഷ്ടം. ശീതകാല കൃഷിയടക്കം 267.20 കോടിയുടെ പച്ചക്കറി കൃഷി നശിച്ചു. ടാപ്പ് ചെയ്യുന്ന മരങ്ങൾ കടപുഴകിയതിലൂടെ 14.61 കോടിയാണ് റബർ കർഷകരുടെ നഷ്ടം. 264.40 കോടിയുടെ കുലച്ച വാഴകളും 193.34 കോടിയുടെ നെൽകൃഷിയും 166.70 കോടിയുടെ ഏലവും 2.55 കോടിയുടെ കുരുമുളകും 13.82 കോടിയുടെ തെങ്ങും 3.98 കോടിയുടെ ടാപ്പ് ചെയ്യാത്ത റബറും 1.22 കോടിയുടെ ഇഞ്ചിയും നശിച്ചിട്ടുണ്ട്.
ഇതിനിടെ, മുൻവർഷങ്ങളിൽ മഴക്കെടുതിയിലും വരൾച്ചയിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ 59.60 കോടി അനുവദിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ തുക വിതരണം ചെയ്തെന്നും മറ്റ് ജില്ലകളിലെ നടപടികൾ പുരോഗമിക്കുകയാണെന്നും കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.