തിരുവനന്തപുരം: മഴ കനത്തതോടെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ്. 80.6675 ദശലക്ഷം യൂനിറ്റായിരുന്നു ബുധനാഴ്ചയിലെ വൈദ്യുതി ഉപയോഗം. ഈ മാസം ആദ്യം പ്രതിദിന വൈദ്യുതി ഉപയോഗം 115.9485 ദശലക്ഷം യൂനിറ്റ് വരെ ഉയർന്ന് റെക്കാർഡിലെത്തിയിരുന്നു.
ദിവസങ്ങളായി തുടരുന്ന മഴ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവിലും കുറവുവരുത്തി. 55.0898 ദശലക്ഷം യൂനിറ്റാണ് ബുധനാഴ്ച പുറത്തുനിന്നു വാങ്ങിയത്. 90 ദശലക്ഷം യൂനിറ്റിലേറെ വാങ്ങിയിരുന്ന സ്ഥാനത്താണിത്. ഏപ്രിലിലും മേയ് പകുതിവരെയും ശരാശരി 15 ദശലക്ഷം യൂനിറ്റായിരുന്ന പ്രതിദിന ആഭ്യന്തര ഉൽപാദനം 25.5777 ദശലക്ഷം യൂനിറ്റായും വർധിച്ചു. ഇതിൽ 24.1583 ദശലക്ഷം യൂനിറ്റും ജലവൈദ്യുത പദ്ധതികളിൽനിന്നാണ്.
മഴ കനത്തുവെങ്കിലും ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വർധന വന്നിട്ടില്ല. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാത്തതാണ് കാരണം. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. ഇതു മൊത്തം സംഭരണശേഷിയുടെ 29.75 ശതമാനമാണ്. ഇടുക്കിയിൽ 32.89 ശതമാനമാണ് ജലനിരപ്പ്.
പാലക്കാട്: ജലവൈദ്യുതി പദ്ധതികളെ അവഗണിക്കുന്നതല്ല; മറിച്ച്, കാലവർഷം വൈകുമെന്ന് കരുതി കരുതൽ ജലം ഡാമുകളിൽ സംഭരിച്ചുവെക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ജലവൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കാതെ ജലം സംഭരിച്ച് നഷ്ടപ്പെടുത്തുകയാണെന്ന ‘മാധ്യമം’ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മഴ വൈകിയേക്കുമെന്ന് കരുതി ജൂൺ 15 വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരിക്കുക പതിവുണ്ട്. അതേസമയം, വൈദ്യുതി കരാറുകളെത്തുടർന്ന് നിശ്ചിത ഊർജം വാങ്ങി ചെലവിടേണ്ട ഉത്തരവാദിത്തവും ഉണ്ട്. കരാറിൽനിന്ന് മാറിയാൽ പിഴ അടക്കേണ്ട അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.