തിരുവനന്തപുരം: രാജ്യസഭയിലേക്ക് വരുന്ന ഒഴിവുകളിലേക്ക് സി.പി.എമ്മിലെ എളമരം കരീം, സി.പി.െഎയിലെ ബിനോയ് വിശ്വം, കേരള കോൺഗ്രസ്-എമ്മിലെ ജോസ് കെ. മാണി എന്നിവർ നാമനിർദേശപത്രികകൾ നൽകി. കോൺഗ്രസിലെ പ്രഫ. പി.ജെ. കുര്യൻ, കേരള കോൺഗ്രസ്-എമ്മിലെ ജോയ് എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണൻ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് പത്രികകൾ സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസി.സെക്രട്ടറി പ്രകാശ് ബാബു, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, മന്ത്രിമാർ, എം.എൽ.എമാരായ തോമസ് ചാണ്ടി, കോവൂർ കുഞ്ഞുമോൻ, കെ.ബി. ഗണേഷ്കുമാർ എന്നിവർക്കൊപ്പം എത്തിയാണ് എളമരം കരീമും ബിനോയ് വിശ്വവും പത്രികകൾ നൽകിയത്.
രണ്ട് സെറ്റ് വീതം പത്രികകളാണ് നൽകിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ.എം.കെ. മുനീർ, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, അൻവർ സാദത്ത് തുടങ്ങിയർക്കൊപ്പം എത്തിയാണ് ജോസ് കെ. മാണി പത്രിക സമർപ്പിച്ചത്. ഇതേസമയം, കെ. മുരളീധരൻ, വി.ഡി. സതീശൻ എന്നിവർ പത്രികസമർപ്പണചടങ്ങിൽ സംബന്ധിച്ചില്ല.
തിങ്കളാഴ്ചയായിരുന്നു പത്രികൾ സമർപ്പിക്കാനുള്ള അവസാനദിവസം. തമിഴ്നാട് സേലം സ്വദേശി കെ. പത്മരാജൻ പത്രിക നൽകിയിട്ടുണ്ടെങ്കിലും നാമനിർദേശകരില്ല. അതിനാൽ, മറ്റ് മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. പത്രികകളുടെ സൂഷ്മപരിശോധന ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.