തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീർണതയുടെ ചളിക്കുണ്ടിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന രാഷ്ട്രീയത്തിലെ അപഹാസ്യ കഥാപാത്രമായി സി.പി.െഎ മാറിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പരിഹസിച്ചു. കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും കൈയേറ്റക്കാരുടെയും കൂടാരമായി സി.പി.എം മാറി. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാത്ത സർക്കാർ, നാണംകെട്ട കളികൾ നടത്തുകയാണ്.
പി.വി. അൻവർ എം.എൽ.എ അനധികൃതമായി പാർക്ക് നിർമിച്ചിട്ടും നടപടിയെടുത്തില്ല. സ്വർണക്കടത്തുകേസിലെ പ്രതിയുടെ വാഹനത്തിൽ കോടിയേരി നടത്തിയ ജനജാഗ്രത യാത്ര സി.പി.എം ജീർണതയുടെ പുതിയ മുഖമാണ്. കള്ളക്കടത്തുകേസിലെ പ്രതിക്കൊപ്പമുള്ള ഇടത് എം.എൽ.എമാരുടെ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ അവരുടെ ബന്ധം അന്വേഷിക്കണം. റവന്യൂമന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ല. മന്ത്രി പറഞ്ഞാൽ വകുപ്പുസെക്രട്ടറി പോലും കേൾക്കാത്ത സ്ഥിതിയാണ്. ഇൗ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് ആലോചിക്കണം.
ബിയർ നിർമാണത്തിന് ഹോട്ടലുകൾക്ക് അനുമതി നൽകുന്നതോടെ കേരളത്തെ സമ്പൂർണമായി മദ്യലോബിക്ക് അടിയറവെക്കുകയാണ്. പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഗ്രൂപ് വീതംവെപ്പ് ആണെന്ന് പറയുന്നത് ശരിയല്ല. അർഹരായ നിരവധി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അവരെയെല്ലാം പിന്നീട് നാമനിർദേശംചെയ്യും. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പാർട്ടി മുന്നോട്ടുപോകും. ‘പടയൊരുക്കം’ രാഷ്ട്രീയജാഥ വരാൻ പോകുന്ന സംസ്ഥാന രാഷ്ട്രീയത്തിെൻറ ചൂണ്ടുപലകയാകും. കേരള കോൺഗ്രസ്^മാണിഗ്രൂപ്പിനെ എന്നും യു.ഡി.എഫിെൻറ ഭാഗമായി കാണാനാണ് ആഗ്രഹമെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.